കൊച്ചിയിലെ ആറുവയസുകാരിയുടെ മരണം, പിതാവ് പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം

കൊച്ചി:എളമക്കരയില്‍ ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊല്ലപ്പെട്ട പെണ്‍കുട്ടി ഒരു വർഷത്തോളമായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു.

പിതാവ് പവിശങ്കർ (33) മകള്‍ വാസുകിയെ (6) കൊലപ്പെടുത്തുന്നതിന് ഒരു മണിക്കൂർ മുമ്പും കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. ജനുവരി 16-നാണ് ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പവിശങ്കർ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടില്‍ ഇത്രയും വലിയ ക്രൂരതകള്‍ നടന്നിട്ടും താൻ ഒന്നും അറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍, ഒരു വർഷത്തോളമായി കുട്ടി പീഡനം അനുഭവിച്ചിരുന്നുവെന്ന മെഡിക്കല്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അമ്മയുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും.

സാധാരണ ആത്മഹത്യ എന്നതിനപ്പുറം അതീവ ഗൗരവകരമായ കുറ്റകൃത്യമാണ് ഇവിടെ നടന്നതെന്ന് പോലീസ് നിരീക്ഷിച്ചു. കുടുംബാംഗങ്ങള്‍ക്കിടയിലോ പരിസരവാസികള്‍ക്കിടയിലോ എന്തെങ്കിലും സൂചനകള്‍ മുൻപ് ലഭിച്ചിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *