പകപോക്കൽ സ്ഥലംമാറ്റം പൊതുസമൂഹത്തോടുള്ള വെല്ലുവിളി: കെ. യു.ഡബ്ലു. ജെ

തിരുവനന്തപുരം: ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെൻ്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. അഞ്ചു മാസമായ ശമ്പള കുടിശ്ശികയ്ക്കായി പത്ര ഉൽപാദനത്തെ ബാധിക്കാതെ സഹന പ്രതിഷേധം നടത്തുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത്. ശമ്പളം കിട്ടാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യർക്ക് മേൽ അധിക ഭാരവും മാനസിക സമ്മർദങ്ങളും അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെൻ്റ് ചെയ്യുന്നത്.
ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദ്രോഹ സ്ഥലമാറ്റം പാടില്ലെന്ന സർക്കാർ നിർദേശത്തിന് പുല്ലുവില കൽപ്പിച്ചാണ് ഈ നടപടിയെന്നത് വിഷയത്തിൻ്റെ ഗൗരവം വർധിപ്പിക്കുകയാണ്. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ മാധ്യമം ആസ്ഥാനത്തിന് മുന്നിൽ നടന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ തൊഴിലാളികളിൽ നിന്നും ബഹുജനങ്ങളിൽ നിന്നും സാംസ്കാരിക, മാധ്യമ ലോകത്ത് നിന്നും വ്യാപക പിന്തുണ ലഭിച്ച പശ്ചാത്തലത്തിൽ സമരം കഴിഞ്ഞു മണിക്കൂറുകൾക്കകം അതിന് മുന്നിൽ നിന്നവരെ അടക്കം വിദൂരങ്ങളിലേക്ക് മാറ്റിയത് ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. തൊഴിൽ അന്തരീക്ഷം കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്നതിന് പകരം തൊഴിലാളികളെ ഉൾക്കൊണ്ട് വിട്ടുവീഴ്ചയുടെ പാത സ്വീകരിക്കാൻ മാനേജ്മെൻ്റ് തയ്യാറാവണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *