ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ക്ലീനറെ കണ്ടെത്താനായില്ല.
മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ മിനിലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ഏഴുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. നേരത്തെ രണ്ടുതവണ മിനിലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും പാളിയിരുന്നു.
ലോറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ക്ലീനര്‍ മുസ്തഫയെ കണ്ടെത്താനായിട്ടില്ല. ലോറിയിലെ ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു. ഡ്രൈവറായ ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്. സാധനങ്ങളുമായി പോയ മിനി ലോറി 60 അടി താഴ്ചയിലേക്കാണ് മറിഞ്ഞത്. ക്വാറിയുടെ സമീപത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പലചരക്കുമായി പോകുന്നതിനിടെയാണ് ലോറി ക്വാറിയിലേക്ക് വീണത്. അതുവഴി പോകുകയായിരുന്ന വിദ്യാര്‍ഥിയാണ് അപകടം ആദ്യം കണ്ടത്. പിന്നീട് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

