മികച്ച സ്‌പോര്‍ട്‌സ് കമെന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഷൈജു ദാമോദരന്

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായിക അവാര്‍ഡുകളില്‍ ആദ്യമായി സ്‌പോര്‍ട്‌സ് കമെന്റേറ്റര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ നേട്ടം ഷൈജു ദാമോദരന തേടിയെത്തി. ദേശീയവും അന്താരാഷ്ട്രവും ആയ നിരവധി കായിക വേദികളില്‍ മലയാളത്തിന്റെ ശബ്ദമായ ഷൈജുദാമോദരന് ജൂറിയുടെ പ്രത്യേക പുരസ്‌കാരമാണ് ലഭിച്ചത്. 1995 മുതല്‍ 2015 വരെ മാതൃഭൂമി പത്രാധിപ സമിതിയംഗമായിരുന്നു. 22 വര്‍ഷത്തിലേറെയായി കായിക മാധ്യമ പ്രവര്‍ത്തന മേഖലയിലുള്ള ഷൈജു ദാമോദരന്‍ ഫിഫ ലോകകപ്പ്, യൂറോ കപ്പ്, കോപ അമേരിക്ക, ഏഷ്യന്‍ കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഐ സി സി ക്രിക്കറ്റ് ലോകകപ്പ്, പ്രോ കബഡി, ഐ പി എല്‍ ക്രിക്കറ്റ്, ഐ സി സി ചാമ്പ്യന്‍സ് ട്രോഫി, സൂപ്പര്‍ ലീഗ് കേരള, നെഹ്‌റു ട്രോഫി ബോട്ട് റേസ്, ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നിവക്കും കമെന്ററി പറഞ്ഞു. ഇരുപതിലേറെ മലയാളം ചലച്ചിത്രങ്ങള്‍ക്കും ശബ്ദം നല്‍കി.
മികച്ച കായിക താരത്തിനുള്ള ജി വി രാജ അവാര്‍ഡിന് മുഹമ്മദ് അഫ്‌സലും(അത്‌ലറ്റിക്‌സ്) വനിതാ വിഭാഗത്തില്‍ ഐശ്വര്യ പി കെയും (നെറ്റ്‌ബോള്‍) അര്‍ഹരായി. മൂന്ന്‌ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന വോളി പരിശീലകന്‍ ജേക്കബ് ജോസഫാണ് മികച്ച കായിക പരിശീലകന്‍. ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അത്‌ലറ്റിക്‌സ് പരിശീലകന്‍ സുഭാഷ് ജോര്‍ജിന്. മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജായി മാര്‍ അത്തനേഷ്യസ് കോതമംഗലം തിരഞ്ഞെടുക്കപ്പെട്ടു.
2023-24 ലെ മികച്ച സ്‌പോര്‍ട്‌സ് പുസ്തകത്തിനുള്ള പുരസ്‌കാരം ഡോ.മുഹമ്മദ് അഷ്‌റഫിനാണ്.

Leave a Reply

Your email address will not be published. Required fields are marked *