ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതന്നും യു.എ ഇ
ദുബായ് :ദുബായ് അന്താരാഷ്ട്ര വിമാനത്താളത്തിലെയും (DXB) ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും (DWC) വിമാന സർവീസുകൾ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്നു വിമാനങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ച രാവിലെ ഇറാനിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടർന്ന് മേഖലയിലെ പല വ്യോമപാതകളും അടച്ച സാഹചര്യത്തിലാണ് ഈ നടപടി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതെന്ന് ദുബായ് എയർപോർട്ട് വക്താവ് അറിയിച്ചു. ഓപ്പറേഷണൽ സുരക്ഷയ്ക്കും യാത്രക്കാരുടെ ക്ഷേമത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടാർമാക്കിൽ പാർക്ക് ചെയ്തിരിക്കുന്ന എമിറേറ്റ്സ് A380s. (ചിത്രത്തിന് കടപ്പാട്: twocontinents(dot)com)
ദുബായ് എയർപോർട്ട് വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം പല വിമാനങ്ങളും വൈകുകയോ സമയം മാറ്റുകയോ ചെയ്തിട്ടുണ്ട്. ഇറാാനിലെ ടെഹ്റാൻ, മഷാദ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലേക്കും ഇറാഖിലെ നജാഫ്, ബസ്ര എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. സമാനമായ സാഹചര്യം അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമുണ്ട്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്നും സൂചനയുണ്ട്. വിമാനക്കമ്പനികളുമായും മറ്റ് അധികൃതരുമായും ചേർന്ന് തടസ്സങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയാണെന്ന് അബുദാബി എയർപോർട്ട് അധികൃതർ അറിയിച്ചു.
എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയർ അറേബ്യ തുടങ്ങിയ പ്രമുഖ യു.എ.ഇ എയർലൈനുകൾ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. മേഖലയിലെ വ്യോമപാതകൾ അടച്ചതിനാൽ ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് യു.എ.ഇ വ്യോമപാത താൽക്കാലികമായും ഭാഗികമായും അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും (GCAA) സ്ഥിരീകരിച്ചു. സുരക്ഷാ അപകടസാധ്യതകൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയുമാണ് ഏറ്റവും പ്രധാനമെന്നും അതോറിറ്റി വ്യക്തമാക്കി.

