ലോക്കറിലെ സുരക്ഷിതത്വത്തിൽ സംശയം? 48 പവൻ സ്വർണം നഷ്ടപ്പെട്ടു; പേരൂർ സഹകരണ ബാങ്കിന് മുന്നിൽ നീതിക്കായി യുവതിയുടെ സമരം.

കൊല്ലം : ബാങ്ക് ലോക്കറിൽ നിന്നും സ്വർണം കാണാതായതിനെ തുടർന്ന് യുവതി ബാങ്കിന് മുന്നിൽ സമരത്തിൽ. കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 പവൻ സ്വർണം നഷ്ടപ്പെട്ടു എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. സ്വർണം നഷ്ടപ്പെട്ട പേരൂർ സ്വദേശിനിയായ ധന്യ സുജിത്താണ് നീതി ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ അമ്മയോടും കുട്ടിയോടുമൊപ്പം പ്രതിഷേധിക്കുന്നത്.
​2013 മുതൽ ധന്യ ഈ ബാങ്കിൽ ലോക്കർ ഉപയോഗിച്ചുവരികയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 22-ന് ബാങ്കിലെത്തിയ ധന്യയോട്, ലോക്കർ കൈകാര്യം ചെയ്യുന്ന ജീവനക്കാരൻ അവധിയിലാണെന്നും അടുത്ത ആഴ്ച വരാനും ബാങ്ക് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഏപ്രിൽ 27-ന് വീണ്ടും ബാങ്കിലെത്തി ലോക്കർ തുറന്നു പരിശോധിച്ചപ്പോഴാണ് 48 പവൻ സ്വർണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒരു മില്ലിഗ്രാം സ്വർണം പോലും അവശേഷിപ്പിക്കാതെയാണ് ലോക്കറിൽ നിന്നും മുഴുവൻ സ്വർണവും കവർന്നിരിക്കുന്നത്.
​തുടക്കത്തിൽ ബാങ്ക് അധികൃതർ വിഷയം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും 4 മണിവരെ സമയം വേണമെന്ന് ആവശ്യപ്പെട്ടതായും ധന്യ പറയുന്നു. ബാങ്കിൽ നിന്നും അനുകൂലമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ധന്യ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏപ്രിൽ 27-ന് പരാതി നൽകിയെങ്കിലും സിറ്റി പോലീസ് കമ്മീഷണറുടെ ഇടപെടലിനെ തുടർന്ന് മെയ് 6-നാണ് കിളികൊല്ലൂർ പോലീസ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
​സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ധന്യയ്ക്ക് മാതാപിതാക്കളുടെ സ്വത്ത് വിറ്റുകിട്ടിയ പണവും, വിദേശത്തായിരുന്ന ഭർത്താവിന്റെ സമ്പാദ്യവും ചേർത്താണ് 48 പവൻ സ്വർണം വാങ്ങിയത്. രണ്ട് പെൺകുട്ടികളുടെ ഭാവിക്ക് വേണ്ടി മാറ്റിവെച്ച സ്വർണം തിരികെ കിട്ടുന്നത് വരെ സമരം തുടരുമെന്ന് ധന്യ വ്യക്തമാക്കി.
​അതേസമയം, സംഭവത്തിൽ കൃത്യമായ മറുപടി നൽകാൻ ബാങ്ക് അധികൃതർ തയ്യാറാകുന്നില്ല. ഉത്തരവാദപ്പെട്ട ബാങ്ക് സെക്രട്ടറി ഉൾപ്പെടെയുള്ളവർ പരിശീലനത്തിലാണെന്ന വിശദീകരണമാണ് ബാങ്കിലെ മറ്റ് ജീവനക്കാർ നൽകുന്നത്. ബാങ്ക് ലോക്കറിൽ നിന്ന് ഇത്രയധികം സ്വർണം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *