പരോളിലിറങ്ങി മുങ്ങിയ എമ്പുരാൻ ഉൾപ്പെട്ട സിനിമകളിൽ അഭിനയിച്ച താരം പിടിയിൽ.
ന്യൂഡൽഹി:
പരോളിലിറങ്ങി മുങ്ങിയ കൊലപാതകക്കേസ് പ്രതി പിടിയിൽ. എമ്പുരാൻ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച് ഹേമന്ത് വൈഷ്ണവാണ് 12 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. നഗരത്തിൽ ഇയാൾ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.
2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഹെമന്ത്. എന്നാൽ 12 വർഷം മുമ്പ് പരോളിൽ ഇറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് പേര് മാറ്റി സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അമിതാഭ് ബച്ചൻ, ആമിർ ഖാൻ, രൺവീർ സിങ്, സാറാ അലി ഖാൻ എന്നിവരോടൊപ്പം ബോളിവുഡ് സിനിമകളിലും വെബ് സീരീസുകളിലും ഹേമന്ത് അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി, ഗുജറാത്തി ഉൾപ്പെടെ വിവിധ ഭാഷകളിൽ സിനിമകൾ ചെയ്തു. വെബ് സീരിസുകൾ, ടെലിവിഷൻ ഷോകൾ എന്നിവയിൽ സഹനടനായി ഇയാൾ അഭിനയിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
2005-ലാണ് കേസിനാസ്പദമായ സംഭവം. നാനോ യശ്വന്ത് കാംബ്ലെ എന്ന യുവാവിനെയാണ് ഹേമന്തും സഹോദരനും ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. 2008-ലാണ് കേസിൽ ഹേമന്ത് ശിക്ഷിക്കപ്പെട്ടത്. തുടർന്ന് ആറ് വർഷത്തെ തടവിന് ശേഷം 2014 ജൂലൈ 25നാണ് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോൾ അനുവദിച്ചത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഹാജരാകാതെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.

