നിമിഷ പ്രിയ കുറ്റവാളി; വധ ശിക്ഷ നീട്ടി വെച്ചതിൽ കാന്തപുരത്തിന്റെ ഇടപെടൽ ഇല്ല ….കാസ
കൊച്ചി: നിമിഷപ്രിയ കടുത്തകുറ്റവാളിയാണെന്നും ഭരണകൂടങ്ങൾ എന്തിന് ഇടപെടണമെന്നും തീവ്ര ക്രിസ്ത്യൻ കൂട്ടായ്മായ കാസ. സോഷ്യൽമീഡിയിൽ പങ്കുവെച്ച കുറിപ്പിലാണ് കാസ നേതാവ് കെവിൻ പീറ്റർ നിമിഷപ്രിയക്കായി ഇടപെടുന്നതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നിമിഷപ്രിയ ലോകത്തെ ഏതു രാജ്യത്തെ നിയമം വെച്ചു നോക്കിയാലും ഒപ്പം ദൈവീക നിയമപ്രകാരവും കടുത്ത കുറ്റവാളിയാണ്. നിമിഷപ്രിയ കൊലപാതകം ചെയ്തു എന്ന് മാത്രമല്ല വളരെ ഹീനമായ രീതിയിൽ അത് മൂടി വയ്ക്കാനും ശ്രമിച്ച ശേഷം ഒളിച്ചു രക്ഷപ്പെടുവാൻ ശ്രമിച്ചതുമാണ്. സീസറിനുള്ളത് സീസറിന് ദൈവത്തിനുള്ളത് ദൈവത്തിന് എന്ന ദൈവവചനം പോലെ നാം ഏത് രാജ്യത്ത് ആയിരിക്കുന്നുവോ ആ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു നാം ജീവിക്കേണ്ടതായി വരും, അവിടെ കുറ്റകൃത്യങ്ങൾ ചെയ്താൽ അവിടെ ചെയ്ത കൃത്യത്തിന് അനുസരിച്ച് ഏതു തരത്തിലുള്ള ശിക്ഷയാണോ ലഭിക്കുന്നത് അത് അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്. നിമിഷ നടത്തിയ ഈ കൊലപാതകം ഭാരതത്തിലാണ് നടന്നിരുന്നുവെങ്കിൽ നിമിഷയ്ക്ക് തൂക്കുമരമോ ജീവപര്യന്തമോ ഉറപ്പു തന്നെയാണ്. അതുകൊണ്ടുതന്നെ കുറ്റം ഏതു രാജ്യത്ത് ചെയ്താലും അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ വേണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുവാനും മോചിപ്പിക്കുവാനുമായി ഏതൊരു കുറ്റവാളിക്കും ലഭിക്കുന്നതുപോലെ സ്വന്തം ആളുകളിൽ നിന്നും നാട്ടിൽ നിന്നും ശ്രമങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ ഭാരതം പോലെ ഒരു രാജ്യത്തിൻ്റെ ഭരണകൂടം ഇത്തരത്തിൽ മറ്റു രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളായ പൗരന്മാർക്ക് വേണ്ടി വേണ്ടി ഇത്തരം ശ്രമങ്ങൾ നടത്തുന്നത് എന്ത് സന്ദേശമാണ് സ്വന്തം പൗരന്മാർക്കും മറ്റുള്ളവർക്കും നൽകുന്നത്. ഭാരതീയർ ഏത് നാട്ടിൽ പോയി എന്ത് വൃത്തികേട് കാട്ടി ജയിലിൽ ആയാലും കേന്ദ്ര സർക്കാർ ഇടപെട്ട് മോചിപ്പിച്ചു കൊണ്ടുവരുമെന്നാണോ. കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കേരള ഗവർണർക്കും ഗവർണർക്ക് മുന്നിൽ ഈ വിഷയം എത്തിക്കാൻ ചാണ്ടിയും ഉമ്മനും സാധിച്ചു എന്നുള്ളതും അഭിനന്ദനാർഹമാണ്. കേരളത്തിലെ ഇസ്ലാമിക മതനേതാവ് കാന്തപുരം ചൊവ്വാഴ്ച്ച യെമനിലെ സൂഫി പണ്ഡിതനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇത് സാധ്യമായത് എന്ന രീതിയിൽ കാന്തപുരത്തെ നന്മമരമാക്കി കൊണ്ട് തുടങ്ങിയ കോലാഹലങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല.

