AI girlfriend

സഹപാഠികളായ പെൺ കുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ.

തിരുവനന്തപുരം:ഇൻസ്റ്റഗ്രാമിൽ നിന്ന് സഹപാഠികളായ പെൺകുട്ടികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ശേഖരിച്ച് മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസി മെഡിക്കൽ വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ വയനാട് കാക്കവയൽ സ്വദേശിയും തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. എബേലിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ അറിയിച്ചു.

ഇരുപതിലേറെ മെഡിക്കൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ നേരത്തെ അറസ്റ്റിലായ എബേലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഏഴ് പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ഡി‌സിപിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തതോടെയാണ് ചൂഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൈബർ വിദഗ്ധർ പരിശോധിച്ചു വരികയാണ്. ഇയാളുടെ സുഹൃത്തുക്കളും നിലവിൽ നിരീക്ഷണത്തിലാണ്.പോലീസിന്റെ വീഴ്ച മൂലമാണ് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് നൂറോളം മെഡിക്കൽ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനു മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു

പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിദ്യാർത്ഥികൾ പോലീസിനോട് രൂക്ഷമായി പ്രതികരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ പരാതി നൽകാനായി സ്റ്റേഷനുള്ളിൽ കയറിയ വിദ്യാർത്ഥിനിയുടെ ദൃശ്യങ്ങൾ പോലീസ് പകർത്തിയെന്നാരോപിച്ച് വിദ്യാർത്ഥികൾ വീണ്ടും അക്രമാസക്തരായി.  സ്റ്റേഷനിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ പരാതിക്കാരിയുടെ ദൃശ്യങ്ങൾ അറിയാതെ ഉൾപ്പെട്ടുപോയതാണെന്ന് പോലീസ് വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥി പ്രതിനിധികളുടെയും പരാതിക്കാരിയുടെയും സാന്നിധ്യത്തിൽ പോലീസ് ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതോടെയാണ് രംഗം ശാന്തമായത്.

വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ പോലീസ് അനുനയ നീക്കത്തിലേക്ക് കടക്കുകയും എല്ലാവരുടെയും പരാതികൾ കേൾക്കാൻ തയ്യാറാവുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രണ്ട് എഫ്ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ അവയും സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ഇതോടെ, ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു മടങ്ങിയത്. തങ്ങളുടെ സ്വകാര്യതയെയും ഭാവിയെയും ബാധിക്കുന്ന വിഷയമായതിനാലാണ് തങ്ങൾ ആശങ്കയിലായതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. കേസിൽ പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകാത്തപക്ഷം കൂടുതൽ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *