കോഴിക്കോട് ക്ഷേത്രത്തിലെ പൂജയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്പലത്തിലെ പൂജാരിക്ക് തടവും പിഴയും
കോഴിക്കോട് : ക്ഷേത്രത്തിലെ പൂജയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അമ്പലത്തിലെ പൂജാരിക്ക്മൂന്ന് വർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി. മുതുവണ്ണാച്ച സ്വദേശി സി കെ വിനോദൻ (52) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. 2024 സെപ്റ്റംബർ മാസം ഇരുപതാം തീയതി പാലേരി വെങ്ങശ്ശേരി കാവ് അമ്പലത്തിൽ പൂജയ്ക്ക് എത്തിയ കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെയാണ് പൂജാമുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ക്ഷേത്രത്തിലെ പൂജാരി ലൈംഗികമായി ഉപദ്രവിച്ചുവെന്ന പാരാതിയിലാണ് പേരാമ്പ്ര പോലീസ് കേസെടുത്തത്.പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ പി.ഷമീർ, അസി.സബ് ഇൻസ്പെക്ടർ ശ്രീജ.സി എന്നിവരാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 14രേഖകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.എ.എസ്.ഐ.ഷാനി.പി. എം.പ്രോസിക്യൂഷൻ വിങ്ങ് ഏകോപിപ്പിച്ചു.

