AI girlfriend

കാന്തപുരത്തിന്റെ പ്രസ്താവ നയുമായി ബന്ധപ്പെട്ട ചാനൽ ചർച്ച; ബിഗ് ടി വി അവതാരകയുടെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസ്

കോഴിക്കോട്: ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ.അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തു. കാന്തപുരത്തിന്റെ സ്ത്രീകളെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. കൊച്ചി സൈബർ പൊലീസ് ആണ് കേസെടുത്തത്.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.
ചാനൽ ചർച്ചയുടെ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബാസിൽ അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചത് എന്ന് ആരോപിച്ചിരുന്നു. ബാസിലിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അവതാരക പരാതി നൽകിയത്. മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണവും വധഭീഷണിയും ഉണ്ടായെന്നാണ് അപർണ കുറുപ്പിന്റെ പരാതിയിൽ പറഞ്ഞിരുന്നത്
ബാസിലിനെതിരെ കേസെടുത്ത നടപടി കടുത്ത വിവേചനമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ് പറഞ്ഞു. ബിഗ് ടിവി അവതാരക നൽകിയത് വ്യാജ പരാതിയാണ്. പോലീസ് തിടുക്കപ്പെട്ട് ബാസിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പ്രതിഷേധാർഹമാണ്. ചർച്ചയിൽ ഇസ്‌ലാമിനെ പരിഹസിക്കുന്ന പരാമർശങ്ങളാണ് അവതാരക നടത്തിയത്
അബ്ദുള്ള ബാസിലിന്റെ വിശദീകരണ വീഡിയോയിൽ ആരോ പോസ്റ്റിട്ടതിനാണ് കേസെടുത്തത്. ഈ എഫ്‌ഐആർ റദ്ദാക്കണം. ആരിഫ് ഹുസൈനെതിരെ നൽകിയ പരാതിയിൽ കേസെടുക്കണം.പൊലീസ് ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ടി.കെ അഷ്‌റഫ് ആവശ്യപ്പെട്ടു.
വിവാദങ്ങൾ മറയാക്കി ഇസ്‌ലാമിനെ വേട്ടയാടുകയാണ്. സൗഹൃദ അന്തരീക്ഷം തകരുന്ന സാഹചര്യം ഉണ്ടാകരുത്. ചിലർ ഇസ്‌ലാമോഫോബിയ വളർത്തുന്നുണ്ട്. മുസ്‌ലിംകളെ രണ്ടായി ചിത്രീകരിച്ച് യഥാർത്ഥ വിശ്വാസികളെ മോശമായി വ്യാഖ്യാനിക്കുകയാണ്. അവതാരകയെ സംരക്ഷിക്കുന്നത് ശരിയല്ലെന്നും ടി.കെ അഷ്‌റഫ് പറഞ്ഞു.
അബ്ദുല്ല ബാസിലിന് എതിരായ എഫ്‌ഐആർ പിൻവലിക്കാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വർഗീയ പറയുന്നവരെ സംരക്ഷിക്കില്ല. എന്നാൽ വർഗീയത പറഞ്ഞവരെ തുറന്നു കാണിച്ചതിന്റെ പേരിൽ ആരെയും വേട്ടയാടാൻ ലീഗ് അധികാരത്തിലിരിക്കുമ്പോൾ അനുവദിക്കില്ലെന്നും ഫിറോസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *