AI girlfriend

അർധരാത്രി വരെ കുടി വേണ്ട ! സംസ്ഥാനത്ത് ബാർ സമയം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ.

തിരുവനന്തപുരം:  സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചന. നിലവിലുള്ള സമയത്തിൽ മാറ്റം വരുത്തി, പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് ആലോചന നടക്കുന്നത്.

പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ മുന്നോടിയായി വിവിധ സംഘടനകളുമായി ഈ മാസം 23 മുതൽ 28 വരെ ചർച്ചകൾ നടക്കാനിരിക്കെയാണ് ഈ നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ വന്നിട്ടുള്ളത്. നിലവിൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

എന്നാൽ, നീണ്ട സമയക്രമം ജീവനക്കാർക്ക് വലിയ തോതിൽ ജോലിഭാരം സൃഷ്ടിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർ തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. രാത്രി വൈകി ബാറുകൾ അടച്ച് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ പുലർച്ചെ രണ്ട് മണിയോളമാകുമെന്നും, ഇത് തങ്ങളുടെ ആരോഗ്യത്തെയും വ്യക്തിജീവിതത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പ്രധാന പരാതി.

കൂടാതെ, ബാറുകളുടെ സമയം രാത്രി 12 മണി വരെയാക്കി ദീർഘിപ്പിച്ചതിന് ശേഷം, ബാറുകൾ കേന്ദ്രീകരിച്ചുള്ള ക്രമസമാധാന പ്രശ്നങ്ങളും അടിപിടികളും കൊലപാതകങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായി ആഭ്യന്തര വകുപ്പും സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, ക്രിസ്തീയ സഭകൾ ഉൾപ്പെടെയുള്ള വിവിധ സമുദായ സംഘടനകളും ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായങ്ങൾ കൂടി തേടിയ ശേഷം, മുന്നണിതലത്തിലും പാർട്ടിക്കുള്ളിലും വിശദമായ ചർച്ചകൾ നടത്തി മാത്രമായിരിക്കും പുതിയ മദ്യനയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതിന് പുറമെ, സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്ക്ക് അനുമതി നൽകുന്നതും മദ്യനികുതി ഘടനയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതും ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളും പുതിയ മദ്യനയത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *