റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കൊച്ചി: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ നടന്ന എസ്ഐടി റെയ്ഡ് നിയമപരമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സെർച്ച് വാറണ്ട് ഉൾപ്പെടെയുള്ള മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കിൽ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷം മാധ്യമങ്ങൾക്ക് നേരെയുള്ള വേട്ടയാടൽ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉൾപ്പെടെ ജയിലിൽ കഴിഞ്ഞു. അപ്പോൾ ആരും പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത കാര്യവും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കാര്യങ്ങൾ ആര് ചെയ്താലും പൊലീസ് നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

