‘മോസ്‌ക് മാൻ ഓഫ് ഇന്ത്യ’ ജി ഗോപാലകൃഷ്ണൻ അന്തരിച്ചു.
തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുസ്ലിം പള്ളികളുടെയും 4 ക്രൈസ്തവ ദേവാലയങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും നിർമാണത്തിന് ഗോപാലകൃഷ്ണൻ നേതൃത്വം നൽകി
തൃശൂർ :കേരളത്തിലും പുറത്തുമായി നൂറിലേറെ മുസ്ലിം പള്ളികളുടെ രൂപകൽപനയിലൂടെയും നിർമാണത്തിലൂടെയും പ്രശസ്തനായ ‘മോസ്‌ക് മാൻ ഓഫ് ഇന്ത്യ’ ജി ഗോപാലകൃഷ്ണൻ (89) അന്തരിച്ചു സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ.
തമിഴ്നാട്ടിലും കേരളത്തിലുമായി 110 മുസ്ലിം പള്ളികളുടെയും 4 ക്രൈസ്തവ ദേവാലയങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും നിർമാണത്തിന് ഗോപാലകൃഷ്ണൻ നേതൃത്വം നൽക. തിരുവനന്തപുരം ബീമാപള്ളി, എരുമേലി വാവര് പള്ളി, ചിറയിൻകീഴ് ജുമാ മസ്‌ജിദ്, പാളയം ജുമാ മസ്ജിദിന്റെ മിനാരം എന്നിവ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. ഉത്തരേന്ത്യയിൽ മാത്രം പ്രചാരത്തിലുണ്ടായിരുന്ന മുഗൾ നിർമാണ ശൈലി കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തിയത് ഗോപാലകൃഷ്ണനാണ്.
പള്ളി നിർമാണ രംഗത്തേക്കുള്ള കടന്നുവരവ്
തിരുവനന്തപുരം പാളയം ജുമാ മസ്ജിദിന്റെ നിർമാണച്ചുമതല അദ്ദേഹത്തിന്റെ പിതാവും ബിൽഡിങ് കോൺട്രാക്ടറുമായ ഗോവിന്ദനായിരുന്നു. കൂറ്റൻ മിനാരം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് പഠനം പാതിവഴിയിൽ നിർത്തിയെത്തിയ മകൻ ഗോപാലകൃഷ്ണൻ സമർപ്പിച്ച ആശയം ആദ്യം പിതാവിന് ഉൾക്കൊള്ളാനായില്ല. തുടർന്ന് ഒരു മാതളനാരങ്ങ മുറിച്ച് അതിന്റെ ഘടന കാണിച്ച് ആശയം ബോധ്യപ്പെടുത്തിയതോടെയാണ് അദ്ദേഹം വാസ്തുവിദ്യാ രംഗത്തേക്ക് ചുവടുവെക്കുന്നത്.

