കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായി. മലപ്പുറത്ത് രണ്ട് പേരുടെ മൃത ദേഹം കിട്ടി.
മലപ്പുറം / കോട്ടയം : കടുത്ത ചൂടിനിടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് 7 മരണം. 4 പേരെ കാണാതായ. കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ 2.45 ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന കാലാവസ്ഥ പ്രവചനമാണ് പുറത്തുവിട്ടത്.
മലപ്പുറം ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് പുരുഷൻമാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരു മൃതദേഹം തിരിച്ചറിഞ്ഞു. കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് ആണ് മരിച്ചത്.
60 വയസ്സു തോന്നിക്കുന്ന പുരുഷനാണ് രണ്ടാമത്തെയാൾ. കാണാതായവരിൽ 3 പേർ വിനോദ സഞ്ചാരികളാണെന്നാണു വിവരം. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) കാണാതായവരിൽ ഉൾപ്പെടുന്നു. പുഴക്കടവിൽ വസ്ത്രം അലക്കി കൊണ്ടിരിക്കെയാണ് സജിത ഒഴുക്കിൽപ്പെട്ടത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു ദുരന്തം. അവധി ദിവസമായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികൾ പുഴയിൽ കുളിക്കാനെത്തിയിരുന്നു. മഴയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഉൾവനത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്നു നിമിഷനേരം കൊണ്ടാണു മലവെള്ളപ്പാച്ചിലുണ്ടായത്. നാട്ടുകാർ അപായ മുന്നറിയിപ്പു നൽകി ഒട്ടേറെപ്പേരെ കരയ്ക്കു കയറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. വെള്ളം കുതിച്ചെത്തിയതോടെ കരയ്ക്കു കയറാൻ കഴിയാതിരുന്ന നാൽപതോളം പേർ പലയിടങ്ങളിൽ I പാറപ്പുറത്തു കുടുങ്ങി. കയറും വടവും എറിഞ്ഞു കൊടുത്താണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന്് 5 കിലോമീറ്റർ അകലെ പൊട്ടിക്കല്ല് തടയണയ്ക്കു താഴെ ഭാഗത്തുനിന്നാണ് 60 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
മൂന്നാർ വട്ടവടയിൽ ഇന്നലെ ഉച്ചകഴിഞ്ഞു പെയ്ത കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിൽ, കൃഷിയിടത്തിലെ ഷെഡിൽ ഇരുന്ന 2 പേർ മണ്ണിനടിയിൽപെട്ടു മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. വട്ടവട കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിനു സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ (51), അയൽവാസി സി. ചിന്നമ്മാൾ (ചിന്നു–38) എന്നിവരാണു മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ (45) ഗുരുതരമായി പരുക്കേറ്റ് മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാണു സംഭവം. ബാലകൃഷ്ണന്റെ വീട്ടിൽനിന്നു 100 മീറ്റർ മാത്രം അകലെയുള്ള കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്നു മൂന്നു പേരും. മഴ കനത്തതോടെ മൂന്നുപേരും ഷെഡിൽ കയറിയിരുന്നു. ഇതിനിടെയാണ് 20 അടി ഉയരത്തിൽനിന്നു മണ്ണിടിഞ്ഞു ഷെഡിനു മുകളിലേക്കു പതിച്ചത്. നന്ദിനി, യോഗേഷ്, വിജയലക്ഷ്മി എന്നിവരാണ് മരിച്ച ബാലകൃഷ്ണന്റെ മക്കൾ. കൊട്ടാക്കമ്പൂർ സ്വദേശി ചിന്നമണിയുടെ ഭാര്യയാണ് മരിച്ച ചിന്നമ്മാൾ. മക്കൾ: സ്നേഹ, വിഷ്ണു.
മലപ്പുറത്ത് ഇക്കോടൂറിസം കേന്ദ്രമായ ടികെ കോളനി കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ 2 പേർ മരിച്ചു. 4 പേരെ കാണാതായി. മരിച്ചവരിലൊരാൾ തിരൂർ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ മാങ്ങാടൻ അനസാണെന്ന് (27) തിരിച്ചറിഞ്ഞു.
കോട്ടയത്ത് മലയോര മേഖലയിലുണ്ടായ കനത്ത മഴയിൽ 2 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളത്ത് വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഉറവപ്ലാവിൽ ചേലകാട്ട് ജോസഫും (അപ്പച്ചൻ–80) ഈരാറ്റുപേട്ട– വാഗമൺ റോഡിൽ കൽക്കെട്ട് ഇടിഞ്ഞു വീണ്, സ്കൂട്ടർ യാത്രികയായ ചെന്നൈ ജവാഹർ നഗർ സ്വദേശി സംഗീത അരുൾലാലുമാണ് (35) മരിച്ചത്.
പെരിങ്ങുളത്ത് വൈകിട്ട് ഏഴോടെയാണ് അപകടമുണ്ടായത്. ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വാഗമൺ സന്ദർശിച്ചു മടങ്ങുന്നതിനിടെയാണു സംഗീതയും കൂട്ടുകാരിയും വൈകിട്ട് അഞ്ചരയോടെ അപകടത്തിൽപെട്ടത്. ഇവരുടെ സ്കൂട്ടറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതി പരുക്കേൽക്കാതെ രക്ഷപ്പെട്ടു

