കുക്കറും ബെൽറ്റും കൊണ്ട് മൃഗീയ മർദ്ദനം, കഴുത്തിൽ കത്തിവെച്ച് ഭീഷണി; സൗദിയിൽ നവവധുവിന് നേരെ ക്രൂരത; ഭർത്താവിനായി ലുക്കൗട്ട് സർക്കുലർ
കൊല്ലം: കൊല്ലം നീണ്ടകര പുത്തൻതുറ സ്വദേശിനിയായ 24കാരിക്ക് ഭർതൃവീട്ടിൽ നിന്നും സൗദിയിൽ നിന്നും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. സ്ത്രീധനം കുറഞ്ഞുപോയെന്നും സംശയമുണ്ടെന്നും ആരോപിച്ച് ഭർത്താവ് പരിമണം മണ്ടക്കത്തിൽ വീട്ടിൽ നന്ദു ദിനേശും കുടുംബവും ചേർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ സൗദിയിലുള്ള ഒന്നാം പ്രതി നന്ദുവിനായി ലുക്കൗട്ട് സർക്കുലർ ഇറക്കാനുള്ള തയാറെടുപ്പിലാണ് ചവറ പോലീസ്.
നാലു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം തന്നെ ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടങ്ങി. തുടർന്ന് സൗദിയിലേക്ക് പോയ നന്ദു, ഒരു മാസത്തിന് ശേഷം ഭാര്യയെ അങ്ങോട്ടേക്ക് കൊണ്ടുപോയി. സൗദിയിലെ വീട്ടിൽ വെച്ച് ലാപ്ടോപ് ചാർജർ, ബെൽറ്റ്, കുക്കർ, ഇടികല്ല്, സ്ക്രൂഡ്രൈവർ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ വരെ ഉപയോഗിച്ച് ഇയാൾ യുവതിയെ മൃഗീയമായി മർദിക്കുകയായിരുന്നു.
കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിക്കുകയും, നന്ദുവുമായി വിവാഹമോചനം നേടിയ ശേഷം സെക്സ് റാക്കറ്റിൽ പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് നിർബന്ധിച്ച് പറയിപ്പിച്ച് വീഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്തു. ഇത് ഇയാൾ ബന്ധുക്കൾക്കും നാട്ടുകാർക്കും അയച്ചുകൊടുത്ത് അപമാനിക്കുകയും ചെയ്തു. സെപ്റ്റംബർ 30-ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരമാസകലം മർദനമേറ്റ ആഴത്തിലുള്ള പാടുകളും മുറിവുകളുമാണുള്ളത്.
നിലവിൽ യുവതി കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ പരാതിയിൽ ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമമടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി ചവറ പോലീസ് കേസെടുത്തിട്ടുണ്ട്. നന്ദുവിനെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി”

