സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ 4 ജില്ലകളിൽ ഓറഞ്ച്അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിനുപുറമെ, ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിട്ടുള്ളതും മഴ കനക്കാൻ കാരണമാകുന്നു. ഒക്ടോബർ 25 മുതൽ 27 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഒക്ടോബർ 26-ന് രാവിലെയോടെ ഇത് ചുഴലിക്കാറ്റായും ഒക്ടോബർ 27-ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും മാറും. തുടർന്ന് കൂടുതൽ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കരയിൽ തൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

