വോട്ടർപട്ടിക ക്രമക്കേട്; കർണാടക തെരഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്.
ന്യൂദല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവുകള്‍ ഹാജരാക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കപ്പെടേണ്ടതുണ്ടെന്നും നോട്ടീസില്‍ പറയുന്നു. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച വിവരങ്ങള്‍ വസ്തുതാപരമാണെന്ന് കാണിച്ചുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് രാഹുലിന് നിര്‍ദേശം ലഭിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക അന്വേഷണത്തില്‍ രാഹുലിന്റെ വാദം തള്ളപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്.
കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി ഓഗസ്റ്റ് ഏഴിന് ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നുവെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.
ബെംഗളൂര് സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചു.
ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബി.ജെ.പിക്ക് അധികമായി കിട്ടിയത്. അതേസമയം ഈ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണ്. അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്.വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം ആറ് ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു. പ്രസ്തുത ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.

