പോലീസ് അതിക്രമം ഒറ്റപ്പെട്ടത്, പോലീസിനെ ന്യായീകരിച്ച് മുഖ്യ മന്ത്രി.

തിരുവനന്തപുരം∙ സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തിൽ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 40 മിനിറ്റോളമെടുത്താണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. പൊലീസ് തെറ്റായി ഒന്നും ചെയ്യുന്നില്ല. പല കാര്യങ്ങളും പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പൊലീസ് അതിക്രമം ഉന്നയിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി കാര്യങ്ങള്‍ ഇടതുമുന്നണി യോഗത്തില്‍ വിശദീകരിച്ചത്.

പൊലീസ് അതിക്രമം സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളാണ് ഉയര്‍ന്നുവരുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തു നടപടിയാണു സ്വീകരിച്ചിട്ടുള്ളത്. ലോക്കപ്പ് മര്‍ദനം അനുവദിക്കില്ല എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. ജനങ്ങള്‍ക്കെതിരെ അതിക്രമം ഉണ്ടായാല്‍ നടപടി എടുക്കും. 9 വര്‍ഷത്തെ ഭരണത്തിനിടെ കുറ്റക്കാരായ നിരവധി പൊലീസുകാര്‍ പുറത്തായി. ഇപ്പോഴത്തെ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കും. പൊലീസ് ലോക്കപ്പുകള്‍ മര്‍ദന കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *