സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല ‘ സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലെ’
സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു.
തന്റെ പേര് ഭരണകക്ഷിയിൽപ്പെട്ടവർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വി.എം.വിനു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കക്ഷി ഒരു സെലിബ്രിറ്റിയാണെന്നും മേയർ സ്ഥാനാർഥിയായതിനാൽ വിജയിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് സെലിബ്രിറ്റികൾക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയൊന്നുമില്ല. സെലിബ്രിറ്റിയായതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ല. സെലിബ്രിറ്റികള്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിയമമാണ് ബാധകം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ വിനുവിനെ സഹായിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു
ഇതോടെ, കഴിഞ്ഞ ദിവസം മുട്ടട വാർഡിൽ മത്സരിക്കുന്ന വൈഷ്ണ സുരേഷിന്റെ കാര്യത്തിൽ കോടതിയുടെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ മുട്ടടയിലെ കാര്യവും ഇതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. അവിടുത്തെ സ്ഥാനാർഥിയും ഇതും തമ്മിൽ വ്യത്യാസമുണ്ട്. അവിടെ പ്രാഥമിക പട്ടികയിൽ പേരുണ്ടായിരുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടി

