ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക.
വാഷിംഗ്ടടൺ: ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറി അമേരിക്ക.യുഎസ് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് യുഎസ് പൂര്‍ണമായും പിന്‍മാറിയതായി അവര്‍ പ്രഖ്യാപിച്ചു. ജനീവ ആസ്ഥാനത്ത് നിന്ന് അമേരിക്കന്‍ പതാകയും നീക്കം ചെയ്തു.
1948ല്‍ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അംഗത്വം യുഎസ് ഉപേക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ ലോകാരോഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡിനെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തതെന്ന് ആരോപിച്ച ഇരുവരും, അതിനാല്‍ എല്ലാ യുഎസ് ധനസഹായവും നിര്‍ത്തിവച്ചതായും വ്യക്തമാക്കി.
2020ല്‍ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയില്‍ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കിയിരുന്നു. കോവിഡ് സമയത്ത് സംഘടന ചൈന കേന്ദ്രീകൃതമാണെന്ന് ആരോപിച്ച ട്രംപ് ഒരു വര്‍ഷം മുമ്പ് പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

