ജില്ല പാലിയേറ്റീവ് കെയർ വളണ്ടിയർ സംഗമം; കേരളത്തിലെ പാലിയേറ്റീവ് പ്രവർത്തനം ലോകത്തിന് മാതൃക – ഡോ. സുരേഷ് കുമാർ
ജില്ലാ പാലിയേറ്റീവ് വോളണ്ടിയർ സംഗമം സമാപന സെഷൻ Dr. ഇദ്രീസ് ഉദ്ഘാടനം ചെയ്യുന്നു
കുറ്റ്യാടി: “കരുത്തുറ്റ സംഘാടനം അന്തസുറ്റ പരിചരണം” എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (KIP) സംഘടിപ്പിച്ച ജില്ലാ വോളണ്ടിയർ സംഗമം
WHOCC ഡയറക്ടർ ഡോ. സുരേഷ് കുമാർ കെ. സംഗമം ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ രംഗത്ത് വോളണ്ടിയർമാരുടെ ഇടപെടൽ ലോകമാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗുണനിലവാരമുള്ളതും അന്തസ്സുറ്റതുമായ പരിചരണം കിടപ്പിലായവർക്ക് ഉറപ്പാക്കാൻ പാലിയേറ്റീവ് പ്രവർത്തനം കാലോചിതമായി പരിഷ്കരിക്കണമെന്ന് സമ്മേളനത്തിൽ പ്രാസംഗികർ അഭിപ്രായപ്പെട്ടു
കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ
ജില്ലയിലെ എൺപതിൽപരം ക്ലിനിക്കുകളിൽ നിന്നായി ആയിരത്തോളം വോളണ്ടിയർമാർ പങ്കെടുത്തു. സംഗമം സാന്ത്വന പ്രവർത്തന മേഖലയിൽ പുത്തൻ ദിശാബോധത്തിന് വേദിയായി.
KIP ചെയർമാൻ നിസാർ അഹമ്മദ് ബിജുമോൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.കെ. കുഞ്ഞമ്മദ് സ്വാഗതം ആശംസിച്ചു.
തുടർന്ന് നടന്ന വിവിധ സെഷനുകളിൽ പാലിയേറ്റീവ് കെയറിന്റെ വർത്തമാനവും ഭാവിയും, ആശയവിനിമയത്തിലെ വെല്ലുവിളികൾ, വോളണ്ടിയർമാരുടെ പങ്ക് എന്നീ വിഷയങ്ങളിൽ അബ്ദുൽ മജീദ് നരിക്കുനി, മുഹമ്മദ് സൈഫ്, ജാബിർ വാഴക്കാട് എന്നിവർ ക്ലാസുകളെടുത്തു. ഇ.കെ. ശ്രീനിവാസൻ, ഇസ്മായിൽ മൂസ്സ, മറിയാമ്മ വർക്കി,ഗംഗാധരൻ കെ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്ക് ശേഷം ടീം കരുണ കുറ്റ്യാടി അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.
ഹോം കെയർ സേവനങ്ങളുടെ ഗുണമേന്മ, സാമൂഹ്യ പങ്കാളിത്തം, പുതുതലമുറയുടെ പങ്ക് എന്നീ വിഷയങ്ങളിൽ ഡോ. അനിൽ പലേരി, ഗഫൂർ തിക്കോടി. കുമാരി തഹാനിയ എന്നിവർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു. കിപ് അക്കാദമി ട്രെയിനർ ശ്രീ അബ്ദുള്ള മാസ്റ്റർ പി മോഡറേറ്ററായി
സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും കിപ് പേരാമ്പ്ര സോണിൽ കിടപ്പു രോഗികൾക്ക് ഇരുപത്തിനാല് മണിക്കൂറും സേവനം ഉറപ്പാക്കുന്ന ‘ശ്രദ്ധ (24×7)’ പദ്ധതിയുടെ പ്രഖ്യാപനം ഡോ. ഇദ്രീസ് .വി നിർവ്വഹിച്ചു. ഡോ. സജിപോൾ അധ്യക്ഷത വഹിച്ചു.
പാലിയേറ്റീവ് കെയർ മേഖലയിൽ കൂടുതൽ ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ ഇടപെടലുകൾ നടത്താൻ വോളണ്ടിയർമാരെ സജ്ജമാക്കിക്കൊണ്ടാണ് സംഗമം സമാപിച്ചത്
സ്വാഗതസംഘം കോഡിനേറ്റർ കെ എം മുഹമ്മദലി സ്വാഗതവും കൺവീനർ എള്ളിൽ അഷ്റഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

