എസ്‌ഐആറിൽ നിന്ന് വോട്ടർമാരുടെ പേര് വെട്ടാൻ ഫോം 7 ഉപയോഗിക്കുന്നു’ ബിജെപിക്കെതിരെ പരാതിയുമായി കോൺഗ്രസ്
ന്യൂഡൽഹി:
‘എസ്‌ഐആറിൽ നിന്ന് വോട്ടർമാരുടെ പേര് വെട്ടാൻ ഫോം 7 ഉപയോഗിക്കുന്നു’
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിലാണ് പരാതി ഉയർത്തിയത്. എസ്‌ഐആർ പട്ടികയിൽ പേര് വരാൻ യോഗ്യരായ ആളുകളെ വിവിധ സംസ്ഥാനങ്ങളിലുള്ള ബിജെപി നേതൃത്വങ്ങൾ ഫോം 7 ഉപയോഗിച്ച് പുറന്തള്ളാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കേരളമുൾപ്പെടെ SIR നടക്കുന്ന രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ , ആസ്സാം , ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഇത് സംബന്ധിച്ച് പരാതി ഉണ്ട്.
ഫോം 7 ഉപയോഗിച്ച് പരാതി നൽകുന്നവരുടെ പേരുവിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ഒരു സംവിധാനമില്ലാത്ത അവസ്ഥ വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ പോയ്മയായി പരാതി ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും ഫോം 7 തങ്ങളുടെ പേരിൽ വ്യാജമായി സമർപ്പിച്ചതായി ആളുകൾ ആരോപിച്ചത് വേണുഗോപാൽ കത്തിൽ സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടിയാണ് ബിജെപി ഇത്തരത്തിൽ കൃത്രിമത്വം കാണിക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പിന്നോക്കക്കാരും ,ദുര്ബലരുമായ ജനവിഭാഗങ്ങളെയാണ് ബിജെപി ഇത്തരം നീക്കങ്ങളിൽ ബലിയാടാക്കാൻ ശ്രമിക്കുന്നതിന് കോൺഗ്രസ് പറഞ്ഞു.

