സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
മലപ്പുറം:സുന്നി ഐക്യം യാഥാര്‍ഥ്യമാകുന്നതില്‍ മുന്‍പന്തിയിലുണ്ടാകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഐക്യത്തിന്റെ കാര്യത്തില്‍ ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുന്‍പന്തിയിലുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല ഐക്യമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലായി രംഗത്തുവന്നാല്‍ പൊതുസമൂഹത്തിന് നല്ല പ്രതീക്ഷയുണ്ടാകുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
‘സുന്നി ഐക്യത്തെ കുറിച്ച് സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജിഫ്രി തങ്ങള്‍ ആദ്യം ഒരു ആഹ്വാനം നടത്തി. ഇന്നലെ കാന്തപുരം ഉസ്താദും അനുകൂലമായാണ് പ്രതികരിച്ചതെന്നാണ് മനസിലാക്കുന്നത്. അതില്‍ സന്തോഷമുണ്ട്. സുന്നി ഐക്യത്തിന് നേരത്തെ തന്നെ ശ്രമം നടന്നിട്ടുണ്ടെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയതാണ്. സമുദായത്തിന്റെയും സമൂഹത്തിന്റെയും ഐക്യത്തിന്റെ കാര്യത്തില്‍ മുസ്ലിം ലീഗും പാണക്കാട് കുടുംബവും ഒറ്റക്കെട്ടായി മുന്‍പന്തിയില്‍ തന്നെയുണ്ടാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടിയല്ല ഐക്യം. രാഷ്ട്രീയവും ഐക്യവും തമ്മില്‍ ബന്ധപ്പെടുത്തേണ്ടതില്ല’ -അദ്ദേഹം പറഞ്ഞു.
ഐക്യ ചര്‍ച്ചകളില്‍ നിന്ന് പാണക്കാട് കുടുംബത്തെ മാറ്റിനിര്‍ത്തുന്നുവെന്ന ആക്ഷേപങ്ങളെ അദ്ദേഹം തള്ളി. ‘അങ്ങനെ പറയുന്നതിലൊന്നും കാര്യമില്ല. മാറിനില്‍ക്കുകയില്ല, മാറ്റിനിര്‍ത്താനുമാകില്ല. ഈ കാര്യത്തിലും എല്ലാവരും ഞങ്ങളോട് അഭിപ്രായം ചോദിക്കാറുണ്ട്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ പാരമ്പര്യമായിത്തന്നെ നിയോഗമുള്ളവരാണല്ലോ ഞങ്ങള്‍’ -അദ്ദേഹം വ്യക്തമാക്കി.

