കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:കനത്ത  ചൂടിൽ നിന്ന് ആശ്വാസം.കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ . . അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.

വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. നേരിയ, ഇടത്തരം മഴക്കാണ് സാധ്യത . കോഴിക്കോട് ജില്ലയിൽ ഇടത്തരം/ശക്തമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവക്കും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും സാധ്യതയുണ്ട്.

തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *