ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി.
ന്യൂദല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത എല്ലാ പതിപ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ പിന്‍വലിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.
കോടതി ഉത്തരവ് വൈകാതെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വിവാദമായ അധ്യായം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ എന്‍.സി.ആര്‍.ടി ഡയറക്ടര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ സെക്രട്ടറിക്കും സുപ്രീം കോടതി ബെഞ്ച് കാരണം കാണിക്കല്‍ നോട്ടീസയച്ചു.
അധ്യായം ഉള്‍പ്പെടുത്തിയത് ആരാണെന്ന് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. അധ്യായത്തില്‍ പറയുന്ന കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥയെ പൊതുജനങ്ങള്‍ എങ്ങനെ കാണുമെന്നതിനെ സംബന്ധിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും അധികാരത്തെ ദുര്‍ബലപ്പെടുത്താനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

