ലഹരിവിരുദ്ധ പ്രചാരണമായ ‘യോദ്ധാവി’ന്റെ അംബാസഡര്‍ ടിനി ടോമിന്റെ മകന്‍ കഞ്ചാവുമായി പിടിയിൽ
കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച നടന്‍ ടിനി ടോമിന് കനത്ത പ്രഹരമായി മകന്റെ അറസ്റ്റ്.
ലഹരിവിരുദ്ധ പ്രചാരണമായ ‘യോദ്ധാവി’ന്റെ അംബാസഡര്‍ കൂടിയായ ടിനി ടോമിന്റെ മകന്‍ ആദം ഷെം (21) ആണ് കഞ്ചാവുമായ കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആദവും കൂട്ടുകാരും കുടുങ്ങിയത്.
തിരുവാങ്കുളം മുകളിയം അമ്ബലത്തിന് സമീപം രാത്രികാല പട്രോളിംഗിനിടെയാണ് പോലീസിന്റെ കണ്ണില്‍ ഈ മൂവര്‍സംഘം പെട്ടത്. പോലീസ് ജീപ്പ് കണ്ടതോടെ പരിഭ്രമിച്ചു മാറിയ ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ വിയര്‍ത്തു കുളിച്ച മറുപടിയാണ് ലഭിച്ചത്. സംശയം തോന്നിയ ഹില്‍പാലസ് പോലീസ് ഇവരെ വിശദമായി പരിശോധിച്ചപ്പോള്‍ ഒന്നാം പ്രതി ഈരൂര്‍ സ്വദേശി കാര്‍ത്തിക്കിന്റെ പോക്കറ്റില്‍ നിന്നും സിപ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയില്‍ 4 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കാര്‍ത്തിക്കിനും ആദം ഷെമ്മിനുമൊപ്പം ആലുവ സ്വദേശി അമിത് ജോര്‍ജും വലയിലായി.
ലഹരിക്ക് അടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിയുന്നത് നേരിട്ട് കണ്ടുവെന്നും, ആ ഭയം കാരണം തന്റെ മകനെ അഭിനയിക്കാന്‍ വിടില്ലെന്നും ടിനി ടോം പൊതുവേദിയില്‍ തുറന്നുപറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. എം.ജി സര്‍വകലാശാല കലോത്സവത്തില്‍ വെസ്റ്റേണ്‍ സോളോയില്‍ വിന്നറായ മകനെക്കുറിച്ച് ‘അച്ഛന്റെ മോന്‍’ എന്ന് സോഷ്യല്‍ മീഡിയയില്‍ അഭിമാനത്തോടെ കുറിച്ച അതേ അച്ഛനാണ് ഇപ്പോള്‍ ഈ ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടി വന്നത്.
സ്വന്തം ഉപയോഗത്തിനായാണ് കഞ്ചാവ് കൈവശം വെച്ചതെന്ന് യുവാക്കള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൈവശമുണ്ടായിരുന്ന ലഹരിയുടെ അളവ് കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു. ലഹരിക്കെതിരെ നാടുനീളെ പ്രസംഗിക്കുന്ന താരങ്ങളുടെ മക്കള്‍ തന്നെ ഇത്തരം കെണികളില്‍ വീഴുന്നത് സിനിമാ ലോകത്തെയും ഞെട്ടിച്ചിട്ടുണ്ട്. കൗമാരക്കാര്‍ക്കിടയില്‍ ലഹരി ലോബി പടര്‍ത്തുന്ന വേരുകള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്നതിന്റെ സാക്ഷ്യപത്രമായി ഈ സംഭവം മാറുകയാണ്.

