മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.

കൊച്ചി: 414ദിവസമായി തുടരുന്ന മുനമ്ബത്തെ വഖഫ് ഭൂമി സമരസമിതിയില്‍ പിളർപ്പ്.സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാനുള്ള ഭൂസംരക്ഷണ സമിതിയുടെ തീരുമാനത്തെ എതിർത്ത് ഒരു വിഭാഗം നാളെ മുതല്‍ ബദല്‍ സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു.

ഈ വിഭാഗത്തിന് ബി ജെ പി പിന്തുണ നല്‍കും.

വഖഫ് പരിധിയില്‍ നിന്ന് ഭൂമി പൂർണ്ണമായും ഒഴിവാക്കുകയും ക്രയവിക്രയ അവകാശം ലഭിക്കുകയും ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്നാണ് വിമത വിഭാഗത്തിൻ്റെ നിലപാട്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള ചതിയാണെന്നും ചിലരുടെ മാത്രം അജണ്ടയാണെന്നും ഇവർ ആരോപിച്ചു. ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പുതിയ നേതൃത്വത്തില്‍ സമരം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

റവന്യൂ അവകാശങ്ങള്‍ തിരികെ ലഭിക്കും വരെ യഥാർഥ മുനമ്ബം ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പം ഉണ്ടാകുമെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷോണ്‍ ജോർജ് വ്യക്തമാക്കി. ഭൂസംരക്ഷണ സമിതിയിലെ ചിലർ മറ്റെന്തെങ്കിലും ഡീല്‍ ഉറപ്പിച്ചോ എന്നും, നിയമപരമല്ലാത്ത ഭൂമി വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

അതേസമയം, ഹൈക്കോടതി ഉത്തരവിലൂടെ കരമടക്കാനുള്ള അനുമതി ലഭിച്ച സാഹചര്യത്തില്‍, സർക്കാരിൻ്റെ ഉറപ്പുകള്‍ വിശ്വസിച്ച്‌ സമരം നാളെ ഉച്ചയോടെ അവസാനിപ്പിക്കുമെന്ന് മുനമ്ബം പള്ളി സഹവികാരി ഫാദർ മോൻസി വർഗീസ് അറിയിച്ചു. മന്ത്രി പി രാജീവ്, വൈപ്പിൻ എം എല്‍ എ. കെ എൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഇന്ന് സമരപ്പന്തലില്‍ എത്തുമെന്നും നിരാഹാരം അനുഷ്ഠിക്കുന്നവർക്ക് നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *