പാലക്കാട് ഹോട്ടൽ വ്യവസായി സിപിഎം സ്വതന്ത്രൻ? കോൺഗ്രസിനായി രമേഷ് പിഷാരടി
പാലക്കാട് ഹോട്ടൽ വ്യവസായിയെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ ആലോചനയുമായി സിപിഎം. എൻ.എം.ആർ. റസാഖിന്റെ പേരാണ് പാർട്ടി പരിഗണനയിൽ. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. രമേഷ് പിഷാരടിയെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ശോഭാ സുരേന്ദ്രനാകും ബിജെപിക്കായി മത്സരിക്കുന്നത്.
കോൺഗ്രസിനു പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിനിധീകരിക്കുന്ന പാലക്കാട്ട് രമേഷ് പിഷാരടിക്ക് വിജയിക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഎമ്മിനായി മത്സരിച്ച പി.സരിനെ ഇത്തവണ പരിഗണിച്ചില്ല. മത്സരിക്കാനില്ലെന്ന് സരിനും പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായാണ് സൂചന.
യുവതികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കിയത്. ഷാഫി പറമ്പിൽ വടകര എംപിയായതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 18,840 വോട്ടുകൾക്കാണ് രാഹുൽ ബിജെപിയിലെ സി.കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്. പി.സരിൻ മൂന്നാം സ്ഥാനത്തായി.

