എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രതിഷേധവുമായി സിപിഎം. നടപടി തികഞ്ഞ രാഷ്ട്രീയ പകപോക്ക ലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

തിരുവന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ നടക്കുന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡിനെതിരെ പ്രതിഷേധവുമായി സിപിഎം. നടപടി തികഞ്ഞ രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദ ആരോപിച്ചു. പാർട്ടിയെയും മുഖ്യമന്ത്രിയെയും ലക്ഷ്യം വെച്ചുള്ള ഈ നീക്കത്തിനെതിരെ ഇന്ന് വൈകുന്നേരം ബ്രാഞ്ച് തലങ്ങളിൽ പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നതിൻ്റെ മറ്റൊരു പതിപ്പാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുക എന്നത് കോൺഗ്രസിൻ്റെയും ബിജെപിയുടെയും സംയുക്ത ആവശ്യമായി മാറിയിരിക്കുകയാണ്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിച്ചതും, ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രിയെ കണ്ടതും ഇതിനോട് ചേർത്ത് വായിക്കണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചത് കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നുവെന്നും, പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് കേവലം ഭാവനാസൃഷ്ടികളായ കാര്യങ്ങളാണ്.
പിണറായി വിജയനെയും പ്രസ്ഥാനത്തെയും ദുർബലപ്പെടുത്താമെന്നത് കേന്ദ്ര ഏജൻസികളുടെ വ്യാമോഹം മാത്രമാണ്. എക്സാലോജിക്കിനെതിരായ പ്രധാന ആരോപണം സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റി എന്നതാണ്. എന്നാൽ ഇതേ കമ്പനിയിൽ നിന്ന് ഇപ്പോഴും മന്ത്രിസഭയിലുള്ള മറ്റു രണ്ടുപേർ പണം കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. എക്സാലോജിക്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ടി.വീണ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുള്ളതാണ്. ഈ കേസിൽ പിണറയി വിജയന് പങ്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. സുപ്രിം കോടതി വരെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇപ്പോൾ നടക്കുന്ന റെയ്ഡുകൾ പൂർണമായും രാഷ്ട്രീയ പ്രേരിതമാണ്.
ഇഡി നടപടിയിൽ സിപിഎമ്മിന് യാതൊരു ആശങ്കയുമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. കേസിൽ ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. പിണറായി വിജയൻ നിലവിൽ പ്രതിയുമല്ല. എന്നിട്ടും അദ്ദേഹത്തെ ഇഡി തടഞ്ഞുവെച്ചിരിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ മർദ്ദനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് അതിക്രമങ്ങളെ നേരിട്ട് കടന്നുവന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ഇത്തരം നീക്കങ്ങളിലൂടെ തളർത്താനാകില്ലെന്നും, ഇത് കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇത് പിണറായി വിജയനെതിരായ കേസ് എന്നതിലുപരി കേരളത്തിലെ സിപിഎമ്മിനെതിരായ കേസാണ്. പാർട്ടിയെ തകർക്കാനുള്ള അവസാന ആയുധമായാണ് ഏജൻസികൾ ഇതിനെ കാണുന്നത്. വ്യാജമായി കെട്ടിച്ചമച്ച ഈ കേസിനെയും റെയ്ഡിനെയും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും സിപിഎം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *