കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച സംഭവം കൂട്ടക്കൊലപാതകം, 17കാരനും അമ്മയും അറസ്റ്റിൽ

അജ്മീർ :അമ്മയും മകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് രാജസ്ഥാൻ പോലീസ്
രാജസ്ഥാനിലെ അജ്മീറിൽ മുൻ സർപഞ്ച് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവ കൂട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 17കാരനെയും അമ്മയെയും പൊലീസ് പിടികൂടി. മാസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലാണ് കൗമാരക്കാരൻ കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു
കേവലം ഒരു വാഹന അപകടമെന്ന് കരുതിയ സംഭവമാണ് പൊലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്. 17കാരന്‍റെ പിതാവ് റാം സിംഗ്,പിതാവിന്‍റെ രണ്ടാം ഭാര്യ സുർഗ്യാൻ, പിതാവിന്‍റെ അമ്മ പുസി ദേവി, അനന്തരവൾ മഹിമ എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിനശിച്ച വാഹനത്തിനുള്ളിൽ കണ്ടെത്തിയത്.
17കാരനായ മകന്റെ പെരുമാറ്റമാണ് കേസില്‍ നിര്‍ണായകമായത്. കുടുംബാംഗങ്ങളെല്ലാം ദുരന്തത്തിന്റെ ആഘാതത്തിൽ തകർന്ന് കരയുമ്പോഴും, ഈ കൗമാരക്കാരൻ അസാധാരണമാംവിധം ശാന്തനായിരുന്നു. കേസിലെ പ്രതി കൂടിയായ അമ്മ പൊട്ടിക്കരയുമ്പോഴും, യാതൊരു ഭാവവ്യത്യാസവുമില്ലാതെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ചായ കുടിച്ച് ശാന്തനായി ഇരിക്കുകയായിരുന്നു ഈ പതിനേഴുകാരൻ. ഈ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് അവനെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനത്തിന് തീപിടിച്ചതാണെന്നും ഉള്ളിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നുമാണ് കുടുംബം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ വൈകാതെ തന്നെ ഇതിൽ ചില വൈരുദ്ധ്യങ്ങൾ പൊലീസിന് കണ്ടെത്താനായി.

വാഹനത്തിന്റെ മുൻസീറ്റുകളിൽ ആരുടെയും മൃതദേഹങ്ങൾ ഉണ്ടായിരുന്നില്ല,പകരംഎല്ലാവരുടെയും മൃതദേഹങ്ങൾ പിൻസീറ്റിലായിരുന്നു ഉണ്ടായിരുന്നത്. ഇത് പൊലീസിന്‍റെ സംശയം വര്‍ധിപ്പിച്ചു. കൊല്ലപ്പെട്ട സുർഗ്യാന്റെ ശരീരത്തിൽ തീപിടിക്കുന്നതിന് മുൻപ് തന്നെ കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. ഈ തെളിവുകൾ ലഭിച്ചതോടെ, പൊലീസ് അന്വേഷണം അപകടത്തിൽ നിന്നും കൊലപാതകക്കേസിലേക്ക് മാറ്റി. തുടർന്ന് ചോദ്യം ചെയ്യലിൽ കൗമാരക്കാരൻ കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച കുടുംബ പശ്ചാത്തലം

റാം സിംഗ് ചൗധരിയുടെ രണ്ടാം വിവാഹത്തിന് ശേഷം കുടുംബത്തിൽ വലിയ ഭിന്നതകൾ ഉടലെടുത്തിരുന്നതായി അജ്മീർ എസ്‍പി ഹർഷ് വർധൻ എന്‍ഡിടിവിയോട് പറഞ്ഞു. തങ്ങളുടെ അമ്മയോട് പിതാവ് മോശമായാണ് പെരുമാറുന്നതെന്ന് കണ്ടതിനെ തുടർന്ന് കുട്ടികൾക്ക് പിതാവിനോട് കടുത്ത വിദ്വേഷം തോന്നിയിരുന്നു. കൂടാതെ, വീട്ടിൽ തനിക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നുവെന്ന് കൗമാരക്കാരൻ പൊലീസിനോട് പറഞ്ഞു. വർഷങ്ങളായി ഈ കുടുംബത്തിൽ തർക്കങ്ങളും നിലനിന്നിരുന്നു.
അജ്മീറിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ശ്രീരാംപുര ഗ്രാമത്തിലെ ഒറ്റപ്പെട്ട ഫാം ഹൗസിലായിരുന്നു ഈ കുടുംബത്തിന്റെ താമസം. റാം സിംഗ് ചൗധരി, അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാർ, അമ്മ, അനന്തരവൾ എന്നിവരെല്ലാം ഒരേ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 5 മാസമായി ഈ കൗമാരക്കാരൻ കൊലപാതകം പ്ലാൻ ചെയ്യുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, പ്രതിയായ കുട്ടി സ്ഥിരമായി ക്രൈം ത്രില്ലർ വെബ് സീരീസുകളും പ്രോഗ്രാമുകളും കാണുകയും മൊബൈലിൽ മണിക്കൂറുകളോളം ഓൺലൈൻ ഗെയിമുകൾ കളിക്കുകയും ചെയ്യുമായിരുന്നു. കുറ്റകൃത്യം നടക്കുന്ന സ്ഥലങ്ങൾ, പൊലീസിന്റെ അന്വേഷണ രീതികൾ, തെളിവുകൾ നശിപ്പിക്കാൻ കുറ്റവാളികൾ ചെയ്യുന്ന വഴികൾ എന്നിവയെല്ലാം അവൻ ഇതിലൂടെ പഠിച്ചെടുത്തിരുന്നു.
സംഭവം നടന്ന ദിവസം രാത്രി റാം സിംഗും രണ്ടാം ഭാര്യ സുർഗ്യാനും ബിയർ കഴിച്ച ശേഷമാണ് ഉറങ്ങാൻ പോയത്. പുലർച്ചെ നാലു മണി വരെ മൊബൈലിൽ ഗെയിം കളിച്ചുകൊണ്ട് കൗമാരക്കാരൻ ഉണർന്നിരുന്നു. എല്ലാവരും നല്ല ഉറക്കത്തിലായ സമയത്താണ് അവൻ റാം സിംഗിന്റെ മുറിയിലേക്ക് കടന്നത്.
തുടർന്ന് അവൻ തന്റെ പിതാവിനെ ചെവിക്കടുത്തായി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ഈ മുറിവാണ് മരണത്തിന് കാരണമായത്. എന്നാൽ അവൻ പ്ലാൻ ചെയ്തതുപോലെയല്ല കാര്യങ്ങൾ മുന്നോട്ട് പോയത്. അക്രമത്തിനിടയിൽ അടുത്ത് കിടന്നുറങ്ങുകയായിരുന്ന സുർഗ്യാൻ ഉണരുകയും, അവനെ തടയാനും ബഹളം വെക്കാനും ശ്രമിച്ചു.

ഈ ബഹളം കേട്ട് റാം സിംഗിന്റെ ആദ്യ ഭാര്യയും 17കാരന്‍റെ അമ്മയും സഹോദരിയും മുറിയിലേക്ക് വരികയും, സുർഗ്യാൻ, പുസി ദേവി, മഹിമ എന്നിവരെ കൊലപ്പെടുത്താൻ സഹായിക്കുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു

സ്വത്ത് തർക്കവും തെളിവ് നശിപ്പിക്കലും

കുടുംബത്തിലെ ഭൂമി ഇടപാടുകളും, ബാങ്ക് അക്കൗണ്ടുകളും, പണമിടപാടുകളും കൈകാര്യം ചെയ്തിരുന്നത് അനന്തരവളായ മഹിമയായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. മഹിമയും സുർഗ്യാനും ചേർന്ന് റാം സിംഗിനെ സ്വാധീനിച്ച് സ്വത്തുക്കളെല്ലാം കൈക്കലാക്കുമെന്ന് മറ്റ് കുടുംബാംഗങ്ങൾ ഭയപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം, ഇതൊരു റോഡ് അപകടമായി ചിത്രീകരിക്കാനാണ് അവർ ശ്രമിച്ചത്. മൃതദേഹങ്ങൾ കാറിനുള്ളിൽ കയറ്റി വെച്ച ശേഷം തെളിവുകൾ പൂർണ്ണമായി നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാഹനത്തിന് തീയിടുകയായിരുന്നു.എന്നാൽ, ഇരകളിൽ ഒരാളുടെ ശരീരത്തിലെ കുത്തേറ്റ മുറിവുകളും, മൃതദേഹങ്ങൾ എല്ലാം കാറിന്റെ പിൻസീറ്റിൽ മാത്രം കാണപ്പെട്ട രീതിയും അവരുടെ ആസൂത്രണം പൊളിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *