കുംഭമേളയിലെ വൈറൽ താരത്തെ തട്ടിക്കൊ ണ്ടുപോയ കേസ്; ഭർത്താവിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി.

കൊച്ചി:കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉത്തരേന്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഭർത്താവ് ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജൂൺ രണ്ടിലേക്ക് മാറ്റി കേരള ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന വാദം മധ്യപ്രദേശ് സർക്കാർ ഉന്നയിച്ചിരുന്നു. തുടർന്നാണ് മധ്യപ്രദേശിലേക്ക് പോയാൽ ആക്രമിക്കുമെന്ന ഭയമുണ്ടെന്നതടക്കമുള്ള വാദം ഉന്നയിച്ച് ഹർജി ഭേദഗതിചെയ്യാൻ അപേക്ഷ നൽകിയത്.ഇതിനെ മധ്യപ്രദേശ് സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു എതിർത്തു. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും മധ്യപ്രദേശിൽ കേസെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. തുടർന്നാണ് ഭേദഗതി അപേക്ഷയിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് പിതാവ് മധ്യപ്രദേശ് പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അവിടെ കേസ് രജിസ്റ്റർ ചെതത്. തുടർന്ന് ഫർമാൻ ഖാനും വൈറൽ താരമായ യുവതിയും കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്. സിനിമയിൽ അഭിനയിക്കുന്ന തങ്ങൾ, പ്രണയത്തിലായെന്നും മാർച്ച് 11-ന് കേരളത്തിൽവെച്ച് വിവാഹിതരായെന്നും ഭാര്യാഭർത്താക്കന്മാരായി ജീവിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *