‘ഓപ്പറേഷൻ തൂഫാനിൽ’ കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

കണ്ണൂർ:പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയായ ഓപ്പറേഷൻ
തൂഫന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിലായി. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം ജ്യോതിഷാലയം നടത്തുന്ന കാങ്കോൽ വടശ്ശേരി സ്വദേശി ശ്രീനാഥിനെയാണ് (40) പോലീസ് അറസ്റ്റ് ചെയ്തത്. പെരികമന ഇല്ലം ഭാരവാഹി കൂടിയാണ് പിടിയിലായ ശ്രീനാഥ്.
ഇദ്ദേഹം നടത്തുന്ന ജ്യോതിഷാലയത്തിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടാണ് പയ്യന്നൂർ സബ് ഇൻസ്പെക്ടർ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് ഇവിടെ മിന്നൽ പരിശോധന നടത്തിയത്.
ജ്യോതിഷാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയിലായിരുന്നു പരിശോധന. ഇവിടുത്തെ ചുമർ അലമാരയിൽ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധനയിൽ ആകെ 5.77 ഗ്രാം കഞ്ചാവ് പോലീസ് സംഘം പിടിച്ചെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *