“അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,” നീറ്റ് പരീക്ഷ മാറ്റിയതിൽ മനം നൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.
നാഗ്പൂർ : NEET പരീക്ഷാ പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് 20 വയസ്സുകാരിയായ വിദ്യാർത്ഥിനി നാഗ്പൂരിൽ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ മൗഗഞ്ച് സ്വദേശിയാണ് പെൺകുട്ടി. പഠനമുറിയിലെ പുസ്തകത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തുകയായിരുന്നു വീട്ടുകാർ.
“ആദ്യ പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കുമെന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും പരീക്ഷയെഴുതിയാൽ പഴയതുപോലെ മികച്ച വിജയം നേടാനാകുമെന്ന് യാതൊരു ഉറപ്പുമില്ല. അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം, ഞാൻ എല്ലാം നശിപ്പിച്ചു,”എന്ന് പെൺകുട്ടി കുറിപ്പിൽ എഴുതിയിരുന്നു. പരീക്ഷ റദ്ദാക്കിയ വാർത്ത പുറത്തുവന്നതോടെ മകൾ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും, സർക്കാർ സംവിധാനങ്ങളുടെ പരാജയമാണ് തന്റെ മകളുടെ ജീവനെടുത്തതെന്നും പിതാവ് ആരോപിച്ചു. ജൂൺ 21-നാണ് NEET UG പുനഃപരീക്ഷ നടക്കാനിരിക്കുന്നത്.

