നിങ്ങൾക്കൊക്കെ അമ്മമാരുണ്ടല്ലോ’; മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പിക്കരഞ്ഞ് പികെ ശ്രീമതി
തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി സിപിഎം നേതാവ് പി.കെ ശ്രീമതി. ഭാരത് ലൈവ്,കർമ ,ജനം ചാനലുകളാണ് വാർത്ത കൊടുക്കുന്നത്. ഏറെ കാലമായി ഇത് തുടരുന്നു. കുടുംബത്തിനെതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നുവെന്നും മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞു.
വളരെയേറെ വിഷമത്തോടുകൂടിയാണ് ഞാൻ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ഒരു മൂന്നു നാല് ദിവസമായിട്ട് മലയാളം അറിയാവുന്ന എല്ലാവരെയും വിശ്വസിപ്പിക്കാൻ വേണ്ടിയായിരിക്കണം എനിക്കെതിരെ വളരെ തെറ്റായ, അടിസ്ഥാനരഹിതമായ, അസംബന്ധമായ വാർത്തകൾ ജനം ടിവിയുടെ ഭാഗത്തുനിന്ന്, അതിനുശേഷം കർമ, ഭാരത് ലൈവ്… ഇതെല്ലാം കഴിഞ്ഞതിനുശേഷം ഞങ്ങളുടെ കണ്ണൂർ ജില്ലയിലുള്ള ഒരു സായാഹ്ന പത്രം ‘സുദിനം’ ഇത്രയുമാണ് എനിക്ക് അയച്ചു തന്നത്.
പലരും അയച്ചു തന്നിട്ടുള്ള വാർത്തകൾ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇത് അങ്ങനെ പോകുമെന്നാണ് ധരിച്ചത്. പക്ഷേ അത് തുടർച്ചയായിട്ട് യൂട്യൂബ് ചാനൽ എന്നുള്ള നിലയിലും ജനം ടിവി സാധാരണ നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ചാനലാണ്, അത് അവ ഇങ്ങനെ അടിക്കടി വന്ന് വീണ്ടും വീണ്ടും എന്റെ നാട്ടിൽ നിന്ന് പ്രത്യേകിച്ചും ഇത് അടിയന്തരമായിട്ട് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിൽ അത് വലിയ വിഷമം ഞങ്ങൾക്ക് ഒക്കെ തോന്നുന്നുണ്ട്.
കുറെ യൂട്യൂബ് ചാനലുകൾ എനിക്കെതിരെ ഒരുപാട് വാർത്തകൾ വരാറുണ്ട്. പക്ഷേ ഞാൻ കഴിഞ്ഞ രണ്ടു ദിവസം മുൻപ് തന്നെ ഇതിനെതിരെ കേസ് കൊടുക്കാൻ ആവശ്യമായിട്ടുള്ള ഇതിന്റെ വസ്തുതകളൊക്കെ ശേഖരിച്ചുകൊണ്ട്—വീഡിയോ, അതുപോലെ ‘സുദിനം’ പത്രത്തിന്‍റെ കോപ്പി ഇതൊക്കെ ശേഖരിച്ചുകൊണ്ട് ഞാൻ കേസ് കൊടുക്കുന്നതിനു വേണ്ടി അഡ്വക്കേറ്റിനെ ഏൽപ്പിച്ചു.
പക്ഷേ ഇന്ന് വീണ്ടും, ഇന്നലെയും ഇന്നുമായിട്ട് വീണ്ടും നിരവധി പേർ ഭാരത് ലൈവ്, ജനം, കർമ്മ ഇവരുടെയൊക്കെ വീഡിയോ അയച്ചുതന്നു. അതിൽ പറയുന്നത് ഏതോ ഒരു പി.ആർ കൃഷ്ണൻ എന്ന് പറയുന്ന എംഎൽഎ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായിട്ട് ഞാൻ അഭിനയിച്ച് നിയമസഭയിൽ എംഎൽഎ എന്നുള്ള നിലയിൽ കിട്ടേണ്ടുന്ന ഫാമിലി പെൻഷൻ ഞാൻ വാങ്ങുന്നു, ഇതാണ് വാർത്ത.
ആ വാർത്ത അവതരണം ഒക്കെ നിങ്ങളൊന്ന് കേൾക്കണം. പെൺകുട്ടികളാണ് അവതരിപ്പിക്കുന്നത്. കേട്ടാൽ വിശ്വസിച്ചു പോകുന്ന വിധത്തിലാണ്. വളരെ വൾഗർ ആയിട്ടാണ് അവതരിപ്പിക്കുന്നത്. വളരെ വൾഗർ ആയിട്ടാണ്! ഇത്രയും തെറ്റായിട്ടുള്ള, അടിസ്ഥാനരഹിതമായ ഒരു വാർത്ത എന്നെപ്പോലെ 50 കൊല്ലമായിട്ട് ഈ സമൂഹത്തിൽ ഞാൻ ഉണ്ട്, എന്നിട്ട് ആ പെൺകുട്ടികൾ ഒരു വാക്ക് എന്നോട് ചോദിച്ചുവോ?
ഇല്ല! ആരെങ്കിലും ഇങ്ങനെ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാതെ വസ്തുതകൾ അടിസ്ഥാനരഹിതമായിട്ട് സമൂഹത്തിൽ ഒരു പൊതുപ്രവർത്തകയെ നാറ്റിക്കുക, അപമാനമുണ്ടാക്കുക എന്നുള്ള ദുരുദ്ദേശത്തിലൂടെ അല്ലേ ഇത്? എനിക്കെതിരായ രാഷ്ട്രീയ ശത്രുക്കൾ ആരെങ്കിലും ഇതിന് പിന്നിൽ ഉണ്ടോ? കാരണം ഒരുപാട് തവണ പല ഘട്ടങ്ങളിലായിട്ട് ഇത്തരത്തിലുള്ള തെറ്റായിട്ടുള്ള വാർത്തകൾ എനിക്കെതിരെ വന്നിട്ടുണ്ട്.
‘തീവ്രത’ ഞാൻ ഉപയോഗിച്ച ഒരു വാക്കല്ല. ഞാൻ ആ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ഉപയോഗിച്ച വാക്കല്ല. എന്നിട്ട് എന്തോരം മോശമായിട്ടാണ്, എത്ര തവണയാണ്, ഏതെല്ലാം പേജിലാണ് എനിക്കെതിരായിട്ട് ഇത്ര വൃത്തികെട്ട വിധത്തിൽ എഴുതിയത്. എന്നെപ്പോലുള്ള ഇത്രയും പ്രായമുള്ള ഒരു സ്ത്രീക്കെതിരെ ഈ കേരളത്തിൽ കമന്റ് ഇട്ട് കമന്റ് ഇട്ട്… പിന്നെ ഞാൻ വിചാരിച്ചു ഇതിനൊക്കെ എത്രയാണ് പ്രതികരിക്കുക.
ഒരു തവണയല്ല, രണ്ടു തവണ ഞാൻ കേസ് കൊടുത്തു. കേസ് കൊടുത്തു. ഒരു തവണ ബിജെപിയുടെ നേതാവ് ഗോപാലകൃഷ്ണൻ പരസ്യമായിട്ട് മാപ്പ് പറഞ്ഞു. ‘അത് തെറ്റിപ്പോയി, ഞാൻ പിന്നീട് അന്വേഷിച്ചപ്പോൾ അങ്ങനെ ഇല്ല, അത് തെറ്റായിരുന്നു എന്ന് മനസ്സിലായി എന്ന് പറഞ്ഞു’.
അന്തരിച്ചുപോയ, ബഹുമാന്യനായ എന്റെ സഹപ്രവർത്തകനായിരുന്നു നിയമസഭയിൽ, പി.ടി തോമസ്. എറണാകുളം പ്രസ് ക്ലബ്ബിൽ വെച്ച് ഒരു പത്രസമ്മേളനം നടത്തി പറഞ്ഞു, കോവിഡ് കാലത്ത് എന്റെ മകനെ ഓക്സിജൻ പ്ലാന്റിൽ നിന്നും ആ ഓക്സിജൻ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ വേണ്ടി പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും അങ്ങനെ നിരവധി കുഞ്ഞുങ്ങൾ മരിക്കുകയാണെന്നും എല്ലാമുള്ള വാർത്ത. വെറുതെ പറഞ്ഞതല്ല, പത്രസമ്മേളനത്തിൽ… അതിന്റെയൊക്കെ കോപ്പി നിങ്ങൾ കണ്ടിട്ടുണ്ടാകും.
പക്ഷേ ഞാൻ അത് പയ്യന്നൂരിൽ ഒരു കേസ് കൊടുത്തു. കേസ് കൊടുത്ത് തളിപ്പറമ്പിലുള്ള നമ്മുടെ പ്രഗൽഭനായിട്ടുള്ള ഒരു അഡ്വക്കേറ്റ് മുഖേന കേസ് കൊടുത്തു. കേസ് എടുക്കാൻ വേണ്ടി പോകുന്നതിന് രണ്ടു ദിവസം മുൻപാണ് അഡ്വക്കേറ്റ് പറഞ്ഞത്, അദ്ദേഹംj വളരെ സീരിയസ് ആയിട്ടുള്ള നിലയിൽ അസുഖമായിട്ടാണ്, ഇപ്പോൾ ചികിത്സയിലാണ്, രോഗമാണ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഒരു കാര്യം ചെയ്യ്, ഇപ്പോൾ തൽക്കാലം ആ കേസ് എടുക്കണ്ട. അതിങ്ങനെ കോടതിയിൽ എടുക്കാൻ വേണ്ടി പോകുന്ന സന്ദർഭത്തിലായിരുന്നു. അത് എടുക്കണ്ട, അവിടെ നിൽക്കട്ടെ എന്ന് പറഞ്ഞു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പിന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
എന്ത് അടിസ്ഥാനത്തിലാണ് എന്റെ മകന് ഒരു പ്ലാന്റ് പോയിട്ട് എന്തെങ്കിലും ഒരു വസ്തുതയുടെ കണികപോലുമില്ലാത്ത കാര്യങ്ങൾ പറയുന്നത്? ഇങ്ങനെ ഒരു എംഎൽഎ… അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ ചോദിച്ചു, പാലക്കാട് ആരെങ്കിലും അങ്ങനെ എം.എൽ.എ ഉണ്ടോ, ഇല്ല. തൃശൂർ ഉണ്ടോ, ഇല്ല എന്ന് പറഞ്ഞു. പിന്നെ ആരാണ് ഈ കൃഷ്ണൻ എന്ന് പറയുന്ന ആൾ, എനിക്കറിയില്ല.
അങ്ങനെ ഒരു എംഎൽഎയുടെ ഭാര്യയായിട്ട് ഞാൻ ഫാമിലി പെൻഷൻ വാങ്ങുക എന്നൊക്കെ പറയുമ്പോൾ, പ്രചരിപ്പിക്കുമ്പോൾ… ഞാൻ 17-ാം വയസ്സിൽ സ്കൂൾ മുതൽക്ക്, പ്രത്യേകിച്ച് അധ്യാപക രംഗത്ത്, അതിനുശേഷം 10 അൻപത് കൊല്ലമായിട്ട് നിങ്ങൾക്കൊക്കെ അറിയാം എന്നെ. എന്നെക്കുറിച്ചാണ് ഇങ്ങനെ! പിന്നെ പണത്തിനു വേണ്ടി എന്തും ചെയ്യുന്നു… എന്തൊക്കെയാ അതിൽ പറയുന്നത്! നിങ്ങളൊക്കെ ചെറുപ്പക്കാരാണല്ലോ, നിങ്ങൾക്കെല്ലാം
എന്തൊക്കെയാണ് അതിൽ പറയുന്നത്, എത്ര എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്! അത് ഏതായാലും ഇത്രയും കൊള്ളരുതാത്ത, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ലോകത്തിൽ എമ്പാടുമുള്ള മലയാളികൾ കാണത്തക്ക വിധത്തിൽ ഈ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ച് എന്നെപ്പോലെ ഒരു വ്യക്തിയെ ഈ രൂപത്തിൽ അധിക്ഷേപിക്കുമ്പോൾ നിങ്ങൾ ആരും ചോദിച്ചിട്ടുമില്ല എന്നോട്. ആരും ചോദിച്ചില്ല ഇതുവരെ, എന്താണ് വസ്തുത എന്ന്. ഏതെങ്കിലും ഒരു പത്രക്കാരൻ അല്ലെങ്കിൽ ഒരു മാധ്യമ പ്രവർത്തകൻ എന്നോട് ചോദിക്കും എന്ന് ഞാൻ വിചാരിച്ചു. ഈ കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആരും ചോദിച്ചില്ല. പിന്നെ എനിക്ക് പറയാതിരിക്കാൻ പറ്റുന്നില്ല, അതുകൊണ്ടാണ് ഞാൻ ഇന്ന് നിങ്ങളുടെ മുൻപാകെ വന്നത്.

