ബെംഗളൂരുവിൽ മാതാപിതാക്ക ളെയും ഇളയ സഹോദരി യെയും കൊലപ്പെടു ത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിൽ
ബെംഗളൂരു: ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ മൂത്ത മകൾ പിടിയിലായ. സോഫ്റ്റ്‌വെയർ എൻജിനീയറായ ശ്വേതയെ പുതുച്ചേരിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വീട്ടിൽ തനിക്ക് യാതൊരുവിധ സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും ഇതാണ് കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതെന്നും ശ്വേത പൊലീസിന് മൊഴി നൽകി.ബെംഗളൂരുവിലെ കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലാണ് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.ക്രൂരമായ കൊലപാതകത്തിന് പിന്നാലെ ശ്വേതയും ഇവരുടെ ലിവ്-ഇൻ പങ്കാളിയായ കെന്നത്തും ഒളിവിൽ പോകുകയായിരുന്നു. കേസിൽ രണ്ടാം പ്രതിയായ കെന്നത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നും ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.”അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എന്‍റെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയോ എന്‍റെ അവസ്ഥ കണ്ട് വിഷമിക്കുകയോ ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. എന്റെ അമ്മയുടെ കർശന മനോഭാവം എന്നിൽ വെറുപ്പ് നിറച്ചു”- എന്നാണ് ശ്വേതയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർക്കും നേരെ കത്തി വീശിയത് താനാണെന്ന് ശ്വേത പൊലീസിനോട് പറഞ്ഞു.കെ ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സായ് ഗ്രീൻ അപ്പാർട്ട്മെന്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച ശ്വേതയും കെന്നത്തും ഫ്ലാറ്റിൽ എത്തിയപ്പോൾ അമ്മ മുത്തുലക്ഷ്മി മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ശ്വേതയുടെ അച്ഛൻ സോമസുന്ദറും സഹോദരി സുപ്രിയയും പുറത്തു പോയിരിക്കുകയായിരുന്നു.അമ്മയും മകളും തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ശ്വേതയും കെന്നത്തും അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സോമസുന്ദറും സുപ്രിയയും തിരിച്ചെത്തുന്നതിന് മുൻപ് പ്രതികൾ ബാത്റൂമിൽ കയറി രക്തക്കറ കഴുകിക്കളഞ്ഞു.സുപ്രിയ വീട്ടിൽ എത്തിയപ്പോൾ അവളെ ആദ്യം ആക്രമിച്ചു. സോമസുന്ദറിന് നേരെയും കത്തി വീശി. ഗുരുതരമായി പരിക്കേറ്റെങ്കിലും അദ്ദേഹം എങ്ങനെയോ വീടിന് പുറത്തേക്ക് ഓടി ഉറക്കെ നിലവിളിച്ചു. അപ്പോഴേക്കും മുൻവശത്തെ വാതിൽ ഉള്ളിൽ നിന്ന് പൂട്ടി ബാൽക്കണി വഴി ശ്വേതയും കെന്നത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇരുവരും രണ്ടു വഴിക്ക് പോയി. പുതുച്ചേരിയിൽ നിന്നാണ് ശ്വേതയെ പിടികൂടിയത്. കെന്നത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

