AI girlfriend

ബംഗളൂരുവില്‍ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിനെന്നു പറഞ്ഞ് പെണ്‍കുട്ടിയെ കെണിയില്‍ വീഴ്ത്തിയത് സ്ത്രീ. അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ അറസ്റ്റില്‍.

ബംഗളൂരു: സിലിക്കണ്‍ സിറ്റിയെ നടുക്കി വീണ്ടുമൊരു ക്രൂരമായ പീഡനവിവരം പുറത്ത്. ബംഗളൂരു ദേവനഹള്ളിയില്‍ പതിനാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി, ബലമായി മദ്യം കുടിപ്പിച്ച ശേഷം മൃഗീയമായി ബലാത്സംഗം ചെയ്ത കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദേവനഹള്ളി സ്വദേശികളായ നവീൻ, വെങ്കട്ടരമണ, ഇവരുടെ കൂട്ടാളി രേണുക എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ ജൂലൈ 17-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പെണ്‍കുട്ടിയുമായി നേരിട്ട് അടുക്കാൻ കഴിയാതിരുന്ന നവീനും വെങ്കട്ടരമണയും, പെണ്‍കുട്ടിയുടെ അയല്‍വാസിയായ രേണുകയുടെ സഹായം തേടുകയായിരുന്നു.

സമീപത്തെ ക്ഷേത്രത്തില്‍ പോകാമെന്നും ലഘുഭക്ഷണം വാങ്ങിത്തരാമെന്നും പറഞ്ഞ് രേണുക പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും തന്ത്രപൂർവ്വം ഇറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കാത്തുനിന്ന മറ്റ് പ്രതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ നിർബന്ധിച്ച്‌ ഓട്ടോറിക്ഷയില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി.

യാത്രാമധ്യേ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി മദ്യം കഴിപ്പിച്ചു. മദ്യലഹരിയിലായ പെണ്‍കുട്ടി വീട്ടിലേക്ക് പോകണമെന്ന് ശാഠ്യം പിടിച്ചപ്പോള്‍, ‘ഇതേ അവസ്ഥയില്‍ വീട്ടില്‍ പോയാല്‍ അച്ഛൻ വഴക്കുപറയും’ എന്ന് പറഞ്ഞ് പ്രതികള്‍ കുട്ടിയെ ഭയപ്പെടുത്തി.

തുടർന്ന് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചാണ് പ്രതികള്‍ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. രാത്രി മുഴുവൻ പെണ്‍കുട്ടിയെ ഇവിടെ തടങ്കലില്‍ വെച്ച്‌ ഉപദ്രവിക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച പ്രതികള്‍, നടന്ന വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെണ്‍കുട്ടിയെ അമ്മ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് ക്രൂരത വിവരിക്കുകയായിരുന്നു. തുടർന്ന് കുടുംബം ദേവനഹള്ളി സ്റ്റേഷനിലെത്തി പരാതി നല്‍കി

പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച ബംഗളൂരു പൊലീസ്, ഒളിവില്‍ പോകാൻ ശ്രമിച്ച മൂന്ന് പ്രതികളെയും ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ മണിക്കൂറുകള്‍ക്കകം പിടികൂടി.

പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ (POCSO) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരയായ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും ഫോറൻസിക് പരിശോധനകളും പൂർത്തിയായതായും കേസില്‍ കർശനമായ തുടർനടപടികള്‍ സ്വീകരിക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *