പെരുമണ്ണയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ദുരൂഹതയുടെ ചുരുളഴിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണത്തിന് ഇടയാക്കിയത് കഴുത്തിനേറ്റ പരിക്ക്
കോഴിക്കോട്: പെരുമണ്ണ മുണ്ടുപാലത്തെ വാടകവീട്ടില്‍ ഇരിങ്ങല്ലൂര്‍ പുല്ലൂക്ക് ചാലില്‍ ഷെരീഖ് അഹമ്മദ് (36) മരിച്ച സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ കാര്യമായ ബാഹ്യ മുറിവുകളോ രക്തക്കറയോ ഇല്ലാതിരുന്നതിനാല്‍ പോലീസിനെയും ഫോറന്‍സിക് വിദഗ്ധരെയും ഒരുപോലെ കുഴക്കിയ മരണത്തിലാണ് നിര്‍ണ്ണായകമായ പോസ്റ്റ്മോര്‍ട്ടം വിവരങ്ങള്‍ പുറത്തുവന്നത്.
കഴുത്തിനേറ്റ കടുത്ത പരിക്കും അമര്‍ത്തിയപ്പോഴുണ്ടായ ആന്തരിക ക്ഷതങ്ങളുമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഷെരീഖിന്റെ സുഹൃത്തും ഒളവണ്ണ ഇരിങ്ങല്ലൂര്‍ സ്വദേശിയുമായ അഷറഫിനെ കേസിലെ പ്രധാന പ്രതിയായി ചേര്‍ക്കുമെന്ന് പന്തീരാങ്കാവ് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് അഷറഫ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലേക്ക് നേരിട്ടെത്തുന്നത്. ‘ഞാന്‍ എന്റെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം പെരുമണ്ണ പുത്തൂര്‍മഠത്തിന് സമീപമുള്ള മുണ്ടുപാലത്തെ വാടകവീട്ടിലുണ്ട്’ എന്നായിരുന്നു ഇയാളുടെ മൊഴി. കേട്ടപാതി കേള്‍ക്കാത്തപാതി പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി പരിശോധന നടത്തുമ്പോള്‍ വീട്ടിനുള്ളില്‍ ഷെരീഖിന്റെ മൃതദേഹം കണ്ടെത്തി.
എന്നാല്‍ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ചേര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ ചോരപ്പാടുകളോ രക്തമുറിവുകളോ ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് അഷറഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

