AI girlfriend

എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കോഴിക്കോട്: വടകരയിലെ എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ മൂന്നാമത്തെ അധ്യാപികയ്ക്കെതിരെയും വിദ്യാഭ്യാസ വകുപ്പ് കർശന നടപടി. ബിആർസിയിലെ അധ്യാപിക നീഷ്മയെ സർവീസിൽ നിന്ന് പിരിച്ചുവിട്ട.ഇന്ന് ഉച്ചയോടെയാണ് പേരാമ്പ്ര സ്വദേശിനിയായ നീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾക്ക് നീഷ്മ സഹായം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതികളായ കീർത്തനയെയും കാവ്യയെയും നേരത്തെ തന്നെ വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടിരുന്നു. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു കാവ്യ. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായിരുന്നു കീർത്തന. ഒരേ സ്ഥാപനത്തിലെ മൂന്ന് അധ്യാപികമാർ ലഹരി മാഫിയയുടെ ഭാഗമായ സംഭവം കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.ഇവർ വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലഹരി ആവശ്യമുള്ളവർ പണം അയക്കുന്നത് ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കായിരുന്നു. പണം ലഭിച്ചാൽ ലഹരി ഒളിപ്പിച്ച് വെച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ആവശ്യക്കാർക്ക് അയച്ചുകൊടുക്കും. അവിടെ വെച്ച് മറ്റൊരു സംഘം ലഹരി കൈമാറുന്ന രീതിയായിരുന്നു. വലിയ അളവിൽ പണം അക്കൗണ്ടിലേക്ക് എത്തിയാൽ സംശയം തോന്നാതിരിക്കാനായി അത് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയും ഇവർ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് മൂന്ന് പേരുടെയും അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാർ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോ എന്ന കോണിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ലഹരി ആവശ്യപ്പെട്ട് പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ഏറ്റവും ഗുരുതരമായി പോലീസ് പരിശോധിക്കുന്നത് സ്കൂൾ വിദ്യാർത്ഥികൾ ഈ ലഹരി വലയത്തിൽ പെട്ടിട്ടുണ്ടോ എന്നതാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അധ്യാപകരും നിരീക്ഷണത്തിലാണെന്നാണ് വിവരം. അധ്യാപകർ തന്നെ ലഹരി കച്ചവടത്തിൽ ഏർപ്പെട്ട സംഭവം വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന വലിയ മുന്നറിയിപ്പാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *