AI girlfriend

കെ.എസ്.ആര്‍.ടി.സിയില്‍ എ.ഐ. വാട്സ്ആപ്പ് ടിക്കറ്റിംഗ് ഇന്ന് മുതല്‍. വാർട്സപ്പിൽ ഒരു ഹയ് .. ടിക്കറ്റ് ഫോണിൽ റെഡി

തിരുവനന്തപുരം: .കെ.എസ്.ആര്‍.ടി.സിയുടെ ഡിജിറ്റല്‍ യാത്രാസേവനങ്ങളുടെ ഭാഗമായി എ.ഐ. സാങ്കേതികവിദ്യയോടെ പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഗതാഗതമന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം. യാത്രക്കാര്‍ക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സഹായിക്കുന്ന പുതിയ സംവിധാനമാണിത്
+91 94470 71021 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ ‘ഹായ്’ എന്ന് സന്ദേശമയച്ചാല്‍ ചാറ്റ് ആരംഭിക്കും. തുടര്‍ന്ന് യാത്ര ആരംഭിക്കുന്ന സ്ഥലം, ലക്ഷ്യസ്ഥാനം, തീയതി, സമയം, യാത്രക്കാരുടെ എണ്ണം എന്നിവ നല്‍കി സര്‍വീസ് തിരയാനും സീറ്റ് ലഭ്യത, നിരക്ക്, ബോര്‍ഡിങ്-ഡ്രോപ്പിങ് പോയിന്റുകള്‍ പരിശോധിക്കാനും പണമടച്ച് ക്യൂ.ആര്‍. കോഡോടുകൂടിയ ഇ-ടിക്കറ്റ് ലഭിക്കാനും കഴിയും. പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ റിസര്‍വേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ല.

നിലവിലുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുന്നത്. സാധാരണ ചാറ്റ്‌ബോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ജെമിനി ലാര്‍ജ് ലാംഗ്വേജ് മോഡല്‍ അടിസ്ഥാനമാക്കിയുള്ള സ്വാഭാവിക ഭാഷാ പ്രോസസിങ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. യാത്രക്കാരന്‍ സ്വന്തം ഭാഷയില്‍ നല്‍കുന്ന സന്ദേശത്തില്‍ നിന്ന് ആവശ്യമായ വിവരങ്ങള്‍ തിരിച്ചറിഞ്ഞ് ബുക്കിങ് പൂര്‍ത്തിയാക്കാന്‍ സംവിധാനത്തിന് കഴിയും. ഗൂഗിള്‍ ഭാഷാ ഡേറ്റാബേസിലുള്ള വിവിധ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാകും.

പൊതുജനങ്ങള്‍ക്കായി എ.ഐ. അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിംഗ് സേവനം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് കെ.എസ്.ആര്‍.ടി.സി.യെന്ന് അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ സംസ്ഥാനതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കുമുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. കെ.എസ്.ആര്‍.ടി.സിയുടെ 24×7 ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ (149) സേവനവും നവീകരിച്ച കൊറിയര്‍ സംവിധാനവും ഗതാഗതമന്ത്രി ഉദ്ഘാടനം ചെയ്തു. ഗതാഗത സെക്രട്ടറി ടി.വി. അനുപമ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. വിവിധ പദ്ധതികളുടെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *