ഭാരതമാതാ കോളേജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥി സനീഷ് ചിത്രങ്ങൾ പങ്കുവെച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍.
കൊച്ചി:തൃക്കാക്കര ഭാരതമാതാ കോളേജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍ കേസിൽ ഒന്നാം പ്രതിയായ ശ്രീഹരി വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ ദുരുപയോഗം ചെയ്താണ് സനീഷ് പണം തട്ടിയത്. പണം സ്വീകരിക്കുന്നതിനായി സനീഷ് ആളുകൾക്ക് ക്യു.ആർ കോഡ് അയച്ചു നൽകിയതായി ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വ്യക്തമായിട്ടുണ്ട്.
സനീഷും പ്രധാന പ്രതി ശ്രീഹരിയും തമ്മിൽ നേരിട്ട് പരിചയമില്ലെങ്കിലും ഇരുവരും ഒരേ മാസ് ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് പോലീസ് വ്യക്തമാക്കി. ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ അവിടെനിന്നെടുത്ത് സനീഷ് മറ്റൊരു രഹസ്യ ഗ്രൂപ്പ് നിർമ്മിക്കുകയായിരുന്നു.
ഈ ക്ലോസ്ഡ് ഗ്രൂപ്പിൽ പ്രവേശിക്കുന്നതിനും കൂടുതൽ ദൃശ്യങ്ങൾ വാഗ്ദാനം ചെയ്തു അംഗങ്ങളിൽ നിന്നും സനീഷ് വലിയ തോതിൽ പണം ഈടാക്കിയിരുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചു. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളേജിൽ ബി.കോം വിദ്യാർത്ഥിയുമാണ് അറസ്റ്റിലായ സനീഷ്.
വലിയ ടെലഗ്രാം ഗ്രൂപ്പുകളിൽ നിന്ന് പ്രത്യേക താൽപ്പര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകൾ രൂപീകരിക്കുകയും, പണം അയക്കുന്നതിനുള്ള ക്യു.ആർ കോഡുകൾ പങ്കുവെച്ച് ഗ്രൂപ്പ് അഡ്മിനായി പ്രവർത്തിക്കുകയുമായിരുന്നു ഇയാളുടെ രീതി. അതേസമയം, പിടിയിലായ ശ്രീഹരി ചിത്രങ്ങൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
18നും 21നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. ടെലഗ്രാമിന്റെ സുരക്ഷാവലയം മറയാക്കി തങ്ങളുടെ കുറ്റകൃത്യങ്ങൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന തെറ്റായ ധാരണയിലാണ് വിദ്യാർത്ഥികൾ ഇത്തരം നടപടികളിൽ ഏർപ്പെടുന്നത്
കേസിൽ ശ്രീഹരിയെ മൂന്ന് ദിവസത്തെ കസ്റ്റധിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തിരുന്നു. മലപ്പുറം സ്വദേശിയായ പ്രധാന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും വരുന്ന ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് വിവരം.

