AI girlfriend

മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെ ടുത്തെന്ന് റിയാസിൻ്റെ സുഹൃത്ത് വാരിസ്

കൊച്ചി:ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസ്. മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപെടുത്തി ഇ.ഡി മൊഴി വാങ്ങിയെടുത്തെന്ന വാരിസ് ആരോപിച്ചു. മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങി വിദേശത്തേക്ക് കടത്തിയെന്ന മൊഴിയിൽ തന്നെക്കൊണ്ട് നിർബന്ധിച്ച് ഒപ്പിടിപ്പിച്ചു. റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നുമാണ് ഹസൻ വാരിസ് പറയുന്നത്. തൻ്റെ പേരിലുള്ള മൊഴി തെറ്റാണെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.
ആ​ഗസ്റ്റ് 18ന് മുഹമ്മദ് റിയാസിൻ്റെ സുഹൃത്തും കച്ചവടക്കാരൻ കൂടിയായ മുഹമ്മദ് വാരിസിൻ്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ സമയത്താണ് 22 കാരിയായ മകളെ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ തന്നെക്കൊണ്ട് ഒപ്പിടിപ്പിച്ചതെന്ന് വാരിസ് പറയുന്നു.
2024-25 കാലയളവിൽ മന്ത്രിയായിരുന്ന പി.എ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കിയിരുന്നത്. ഈ പണം സിഎംആർഎല്ലിൽ നിന്നല്ല ലഭിച്ചതെന്നും കമ്പനി സ്ഥാപിക്കാനായി പണം ദുബൈയിലേക്ക് കടത്തിയെന്നാണ് മൊഴിയെന്നും ഇ.ഡി വ്യക്തമാക്കുന്നു. എന്നാൽ ഈ മൊഴി തെറ്റാണെന്നും തന്നെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നുമാണ് വാരിസ് വെളിപ്പെടുത്തിയിരിക്കുന്നത്.
സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മന്ത്രിയായിരുന്ന ഘട്ടത്തിൽ മുഹമ്മദ് റിയാസ് അനധികൃതമായി പണം കൈപ്പറ്റിയെന്ന വിവരങ്ങൾ ലഭിച്ചതെന്നായിരുന്നു ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയത്. സുഹൃത്തുക്കളും പാർട്ടി നേതാക്കളുമായ നിഖിൽ, ഫൈജാസ് തുടങ്ങിയവരുടെ അക്കൗണ്ടുകൾ വഴിയാണ് പണം വിദേശത്തേക്ക് കടത്തിയത്. ദുബൈയിൽ കമ്പനി സ്ഥാപിക്കാനും കച്ചവടം നടത്താനും ഉപയോഗിച്ചതെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ വ്യക്തിഹത്യ ലക്ഷ്യമിട്ട് മെനഞ്ഞെടുത്ത കള്ളക്കഥയാണെന്നും വിഷയത്തെ നിയമപരമായിത്തന്നെ നേരിടുമെന്നും പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പുതിയ അസംബന്ധങ്ങൾ ഉണ്ടെന്നും ഇ.ഡി ചോർത്തി കൊടുത്ത റിപ്പോർട്ടിൽ അത്തരം കാര്യങ്ങൾ ഉണ്ടെങ്കിൽ, അത് വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥയാണെന്നും റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. വീണ ഇഡിക്ക് മുന്നില്‍ കാര്യങ്ങള്‍ സമ്മതിച്ചുവെന്നത് പച്ചക്കള്ളമാണ്. പച്ച മനുഷ്യരുടെ ഇറച്ചി തിന്ന് രസിക്കുന്നവര്‍ ആട്ടം തുടരട്ടെയെന്നും റിയാസ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *