സൗദിയിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ പത്ത് ലക്ഷത്തോളം റിയാലിന്റെ വൻ കവർച്ച
റിയാദ്: മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽവൻ കവർച്ച
റിയാദിലെ നസീമിലാണ് മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് താമസക്കാരെ ക്രൂരമായി മർദ്ദിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ വൻ കവർച്ചനടത്തിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി സ്വദേശി ഇസ്മായിൽ, ചങ്ങരംകുളം സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ, ശംസീർ, ഹാരിസ് എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ രണ്ടരയോടെ പാക്, അറബ് വംശജരടങ്ങുന്ന പതിനഞ്ചോളം പേരടങ്ങുന്ന സംഘം ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാൽ എന്നിവ സംഘം കവർന്നു.
തുടർന്ന് റൂമിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇവരുടെ ടൊയോട്ട ഹായിസ് വാനും കൊറോള കാറും കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാൽ പണവും കവർച്ചാ സംഘം കൊണ്ടുപോയതായി പരാതി യിൽ പറയുന്നു. കവർച്ച ചെയ്യപ്പെട്ട വാഹനങ്ങൾ പിന്നീട് ജി.പി.എസ് ട്രാക്കിങ്ങിലൂടെ കണ്ടെത്തി. സംഭവത്തിൽ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്, ഏതാനും പേർ കസ്റ്റഡിയിലായതായാണ് വിവരം. പരിക്കേറ്റവരിൽ സാരമായ പരിക്കുകളുള്ള ശംസീറും ഹാരിസും വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.

