ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടി ക്കുകളും വിൽക്കരുതെന്ന കർശന മുന്നറിയി പ്പുമായി കേന്ദ്രം
ന്യൂഡൽഹി:പെയിൻ കില്ലറുകളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വിൽക്കരുതെന്ന മെഡിക്കൽ സ്റ്റോറുകൾക്കും മരുന്ന് വിതരണക്കാർക്കും ഡ്രഗ്സ് കൺട്രോളർ ജനറൽ കർശന നിർദേശം നൽകി. സാധാരണ പനി, അണുബാധ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശമുണ്ട്. മരുന്നുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ മുന്നറിയിപ്പ് നൽകി.
വൃക്കരോഗമുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ വിവരം അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഫാർമസിസ്റ്റുകൾ സ്വയംചികിത്സ പ്രോത്സാഹിപ്പിക്കരുതെന്നും ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യക്തമാക്കി. അശാസ്ത്രീയമായ മരുന്ന് ഉപയോഗം വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും സർക്കുലറിൽ പറയുന്നു.
തലവേദന, ശരീരവേദന, പനി തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലരും സ്വന്തം നിലയിൽ വേദനസംഹാരികൾ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. അതുപോലെ, ബാക്ടീരിയ അണുബാധയാണെന്ന് ഉറപ്പാക്കാതെയും ഡോക്ടറുടെ നിർദേശം തേടാതെയും ആന്റിബയോട്ടിക്കുകൾ കഴിക്കുന്ന പ്രവണതയും ആശങ്കയുണ്ടാക്കുന്നതാണ്.
അനാവശ്യമായ ആന്റിബയോട്ടിക് ഉപയോഗം മരുന്നുകളോട് പ്രതിരോധശേഷിയുള്ള ബാക്ടീരിയയുടെ വളർച്ചയ്ക്ക് കാരണമാകുന്നതിനാൽ, ആവശ്യമായ സാഹചര്യങ്ങളിൽ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണമെന്നാണ് നിർദേശം. ഡോക്ടറുടെ നിർദേശപ്രകാരമായിരിക്കണം ഇത്തരം മരുന്നുകൾ ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു
“മുമ്പ് ഉണ്ടായിരുന്ന രോഗത്തിന് ഡോക്ടർ നൽകിയ ആന്റിബയോട്ടിക് പിന്നീട് സ്വന്തം നിലയിൽ വീണ്ടും ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്. തുടർച്ചയായ വേദനയോ മറ്റ് ആരോഗ്യലക്ഷണങ്ങളോ ഉണ്ടെങ്കിൽ സ്വയം മരുന്ന് കഴിക്കുന്നതിന് പകരം അതിന്റെ കാരണം കണ്ടെത്തുന്നതിനായി ഡോക്ടറെ സമീപിക്കണമെന്നും നിർദേശിക്കുന്നു. മരുന്നുകളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കുകയും സ്വയംചികിത്സ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ നിർദേശം.

