ലാൽ സലാം…. വിപ്ലവ നായകൻ ഇനി ജന ഹൃദയങ്ങളിൽ..

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവ നായകന്‍ വിഎസ് അച്യുതാനന്ദന്‍ ഇനി ജ്വലിക്കുന്ന നക്ഷത്രം. മുന്‍ മുഖ്യമന്ത്രിയും സിപിഎം അതികായനുമായ അദ്ദേഹത്തിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പുന്നപ്ര വയലാര്‍ സമരരക്തസാക്ഷികള്‍ക്കൊപ്പമാണ് വിഎസ്സിന്റെ അന്ത്യവിശ്രമം. രാഷ്ട്രീയ കേരളത്തിന്റെയാകെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടാണ് സമരസഫലമായ ജീവിതത്തിന് വിഎസ് വിരാമമിട്ടിരിക്കുന്നത്. മകന്‍ വിഎ അരുണ്‍കുമാര്‍ ചിതയ്ക്ക് തീ കൊളുത്തി. ഇനി വിഎസ് ജീവിക്കും, ജനഹൃദയങ്ങളില്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഎസ്സിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകുന്നേരം 3.20ന് തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയിലായിരുന്നു വിഎസ്സിന്റെ അന്ത്യം. ഒരു മാസത്തോളം ചികിത്സയില്‍ തുടര്‍ന്ന ശേഷമായിരുന്നു മരണം. തുടര്‍ന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ (പഴയ എകെജി സെന്റര്‍) പൊതുദര്‍ശനം. വന്‍ ജനാവലിയാണ് പ്രിയ നേതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്കും പൊതുദര്‍ശനം നടന്ന എകെജി സെന്ററിലേക്കും ഒഴുകിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *