​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​നം: പ്രജ്ഞാ സിങ് അടക്കം ഏഴ് പ്രതികളെയും എൻ.ഐ.എ കോടതി വെറുതെ വിട്ടു.

മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു.മുംബൈ പ്രത്യേക എൻഐഎ കോടതിയുടേതാണ് വിധി. 17 വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നും ബോംബ് നിര്‍മിച്ചതിന് ലഫ്. കേണൽ പ്രസാദ് പുരോഹിത് ആണെന്ന് തെളിവില്ലെന്നും കോടതി പറഞ്ഞു.പുരോഹിതിന്‍റെ വിരലടയാളം ഒരിടത്തുമില്ലെന്നും ഗൂഢാലോചനകള്‍ക്കും യോഗം ചേര്‍ന്നതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

 

പ്രജ്ഞ സിങ് ഠാക്കൂറിനെതിരെയും തെളിവില്ലെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനാകില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കാൻ അന്വേഷണ ഏജൻസി പൂർണമായും പരാജയപ്പെട്ടെന്ന് കോടതി.യുഎപിഎ,ആയുധ നിയമം,മറ്റ് നിയമങ്ങൾ എന്നിവയിൽ നിന്നെല്ലാം പ്രതികളെ കുറ്റവിമുക്തരാക്കി.

ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണൽ പ്രസാദ് പുരോഹിത്, റിട്ട. മേജർ രമേശ് ഉപാധ്യായ്, അജയ് രാഹികർ, സുധാകർ ദ്വിവേദി, സുധാകർ ചതുർവേദി, സമീർ കുൽകർണി എന്നിവരെയാണ് വെറുതെ വിട്ടത്.

2008 സെപ്തംബർ 29നാണ് വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിലെ ഒരു പള്ളിക്ക് സമീപം മോട്ടോർ സൈക്കിളിൽ കെട്ടിയിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറുപേർ മരിക്കുകയും 100 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഹേമന്ത് കർക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പ്രതികളെ പിടികൂടിയത്. സ്ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രജ്ഞ സിങ്ങിലേക്ക് നയിച്ചത്. മുസ്‍ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായത്. 11 പേരെയാണ് എടിഎസ് അറസ്റ്റ് ചെയ്തത്. കേസില്‍ രാമചന്ദ്ര കൽസങ്കര അടക്കം രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *