കൊടുവള്ളിയിലെ കൊരൂല്‍ ത്വരീഖത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

കോഴിക്കോട്: കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊരൂല്‍ ത്വരീഖത്തിനെതിരെ മനുഷ്യാവക’ശ കമ്മീഷന്‍ കേസെടുത്തു. സംഘടനയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കൊരൂല്‍ ത്വരീഖത്തില്‍ നിന്ന് പുറത്ത് വന്ന ഒരു വ്യക്തിയാണ് പരാതി നല്‍കിയത്. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതില്‍ നിന്ന് പുറത്തുവന്നപ്പോഴും നേരിട്ട കടുത്ത പീഡനങ്ങള്‍ വെളിപ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്
കിഴിശ്ശേരിയില്‍ ദമ്പതികളെ ഊരുവിലക്കിയതും ഊരുവിലക്കിനെ തുടര്‍ന്ന് വയനാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചതും മാധ്യമശ്രദ്ധ നേടിയതോടെയാണ് കൊരൂല്‍ ത്വരീഖത്തിന്റെ വിചിത്രമായ ആചാരങ്ങളും നിയമങ്ങളും പുറംലോകം അറിയുന്നത്.

 

സംഘടനയില്‍ നിന്ന് ആര് പുറത്ത് പോയാലും പിന്നീട് അവരുമായി ബന്ധം പാടില്ല. ഭാര്യയോ ഭര്‍ത്താവോ ആയാല്‍ പോലും ഇവര്‍ നിര്‍ബന്ധമായും ബന്ധം ഉപേക്ഷിക്കണം. വിവാഹം കഴിക്കാത്ത സ്ത്രീകള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. സംഘടനയില്‍ ഉള്ളവര്‍ തമ്മില്‍ മാത്രമേ വിവാഹബന്ധം അനുവദിക്കൂ. ആഴ്ചയില്‍ നിര്‍ബന്ധിത ക്ലാസുകള്‍, ഇതില്‍ ഏതെങ്കിലും കാരണവശാല്‍ പങ്കെടുത്തില്ലെങ്കില്‍ സസ്പെന്‍ഷന്‍, പുരുഷന്മാര്‍ക്ക് താടി നിരോധനം… തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പരാതി.

ത്വരീഖത്തിന്റെ പ്രവാചകന്‍ ഷാഹുല്‍ ഹമീദ് പറയുന്നതനുസരിച്ചാണ് സംഘടനയിലെ വോട്ട് രേഖപ്പെടുത്തല്‍. അംഗങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനും അവകാശമില്ല. ത്വരീഖത്തിന്റെ പണമിടപാടുകള്‍ ഓഡിറ്റ് ചെയ്യാറില്ലെന്നും പരാതിയില്‍ പറയുന്നു. അംഗങ്ങളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുകയും അതില്‍ ചെറിയൊരു ശതമാനം മാത്രം ദാനത്തിനായി ഉപയോഗിച്ച് ബാക്കിയുള്ള തുക സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

കുടുംബത്തിലെ ഓരോ വ്യക്തിയും പ്രായപൂര്‍ത്തിയായ ശേഷം 3,000 രൂപ വീതം ഓരോ വര്‍ഷവും സക്കാത്ത് ഫണ്ടായി നല്‍കണമെന്നതാണ് കൊരൂല്‍ ത്വരീഖത്തിലെ നിയമം. ഇത് നിര്‍ബന്ധിത പിരിവാണ്. പണം നല്‍കിയില്ലെങ്കിലും സംഘടനയില്‍ നിന്ന് പുറത്തുപോകും. വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് കൊരൂല്‍ ത്വരീഖത്തിന് അംഗങ്ങളുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *