ലഹരിമരുന്നു സംഘത്തിലെ മുഖ്യ കണ്ണികൾ ബ്രൗൺ ഷുഗറുമായി പിടിയിൽ.
കോഴിക്കോട് :റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിൽപനയ്ക്കെത്തിച്ച ബ്രൗൺ ഷുഗറുമായി മൂന്ന് പേർ നർകോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും ടൗൺ പൊലീസും ചേർന്നു പിടികൂടി.
കൊണ്ടോട്ടി നെയ്യാൻ മണ്ണാറിൽ വീട്ടിൽ അജ്മൽ (28), വള്ളിക്കുന്ന് പറമ്പിൽ അർജുൻ (അമ്പാടി –28), മണക്കടവ് ചേറാട്ടുപറമ്പത്ത് അഭിനവ് (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 85 ഗ്രാം ബ്രൗൺ ഷുഗർ പൊലീസ് കണ്ടെടുത്തു
മധ്യപ്രദേശ് രത്‌നാമിൽ നിന്ന് ബ്രൗൺ ഷുഗർ എത്തിച്ചു രാമനാട്ടുകര, കൊണ്ടോട്ടി ഭാഗങ്ങളിൽ വിൽപന നടത്തുന്ന ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായ 3 പേരും.
പിടിയിലായ അജ്മൽ മുൻപും സമാന രീതിയിൽ ലഹരി മരുന്ന് കടത്തിയിട്ടുണ്ട്. കാപ്പ പ്രതിയായ അജ്മലിന് മുമ്പ് കാസർകോട് നീലേശ്വരം സ്റ്റേഷനിൽ 30 ഗ്രാം ബ്രൗൺ ഷുഗർ കൈവശം വച്ചതിനും കൊണ്ടോട്ടി സ്റ്റേഷനിൽ 10 ഗ്രാം ബ്രൗൺ ഷുഗറിന്റെയും കൂടാതെ ഒരു അടിപിടി കേസും നിലവിൽ ഉണ്ടെന്നു പൊലീസ് പറഞ്ഞു.മലപ്പുറം കാപ്പ പ്രതി പട്ടികയിൽ ഉൾപ്പെട്ട പ്രതി താമരശ്ശേരി ഈങ്ങാപുഴയിലാണ് താമസിക്കുന്നത്.
പിടിയിലായ അർജുനനെതിരെ മെഡിക്കൽ കോളജ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിൽ കേസ് നിലവിലുണ്ട്. പിടിയിലായ അഭിനവ് നഗരത്തിലെ സ്വകാര്യ കോളജിൽ നിന്ന് ഓട്ടമൊബീൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

