ഫലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള ‘മാർച്ച് ഫോർ ഹ്യൂമാനിറ്റി’യിൽ പങ്കെടുത്തത് പതിനായിരങ്ങൾ
സിഡ്‌നി: ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനും ക്ഷാമത്തിനുമെതിരെ പ്രതിക്ഷേധിച്ച് നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ഇന്നലെ (ഞായറാഴ്ച) യായിരുന്നു ‘മാർച്ച് ഫോർ ഹ്യൂമാനിറ്റി’ എന്ന പേരിൽ മാർച്ച് നടന്നത്. സിഡ്‌നിയിലെ സിഡ്‌നി ഹാർബർ പാലത്തിലൂടെയായിരുന്നു പ്രതിഷേധ റാലി സംഘടിപ്പിച്ചത്
ഞായറാഴ്ച നടന്ന മാർച്ചിൽ വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ, എം.പി എഡ് ഹ്യൂസിക്, ന്യൂ സൗത്ത് വെയ്ൽസ് മുൻ പ്രധാനമന്ത്രി ബോബ് കാർ തുടങ്ങിയ പ്രമുഖരടക്കമാണ് സ്വതന്ത്ര ഫലസ്തീൻ മുദ്രാവാക്യമുയർത്തി പ്രകടനത്തിൽ അണിചേർന്നത്. സംഘാടകർ ഇതിനെ വിശേഷിപ്പിച്ചത് ‘ചരിത്രപരമായ തീരുമാനം’ എന്നാണ്. സുപ്രീംകോടതിയുടെ അനുമതിയോടെയായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്. ‘ഉടൻ വെടിനിർത്തൽ നടപ്പാക്കുക’, ‘ഇസ്രഈലിനെ സഹായിക്കുന്ന അമേരിക്കൻ നടപടി ലജ്ജാകരം’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും ഏന്തിയായിരുന്നു മാർച്ച്. ഗസയിലെ കുഞ്ഞുങ്ങളെ വരെ ഇസ്രഈൽ കൊലപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കുട്ടികളുമായി നിരവധി കുടുംബങ്ങൾ പങ്കെടുത്തു
മാർച്ചിൽ 90,000 പേർ പങ്കെടുത്തുവെന്നാണ് പൊലീസ് കണക്ക്. പ്രതിഷേധത്തിന് മുന്നോടിയായി സിഡ്‌നിയിലെ റോഡ്, പൊതുഗതാഗത ശൃംഖലയിൽ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂ സൗത്ത് വെയിൽസിൽ ഗതാഗതത്തിന് വേണ്ടി നഗരം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

