തകർന്ന കെട്ടിടങ്ങളും, ഗർത്തങ്ങളും മാത്രമുള്ള ഒരു തരിശുഭൂമി; ഗാസയിലെ യുദ്ധ ഭീകരത വ്യക്തമാക്കി ആകാശദൃശ്യം
ഇസ്റാഈൽ അധിനിവേശം തകർത്തുകളഞ്ഞ ഗാസയിൽ ഇനിയെന്താണ് അവശേഷിക്കുന്നത് എന്നത് ലോകമനസാക്ഷിയെ തന്നെ ഉലയ്ക്കുന്ന ഒരു ചോദ്യമാണ്. ദി ഗാർഡിയൻ പുറത്തുവിട്ട ഗാസയുടെ ഒരു ആകാശദൃശ്യത്തിൽ നിന്നും ഒരു പ്രദേശത്തിന്റെ തകർച്ചയാണ് വ്യക്തമാകുന്നത്. ഒരു പുരാതന നാഗരികതയുടെ അവശിഷ്ടങ്ങൾ പോലെയാണ് ഗാസ ഇപ്പോൾ കാണപ്പെടുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
തകർന്ന കെട്ടിടങ്ങൾ, ബോംബുകളാലും മിസൈലുകളാലും രൂപപ്പെട്ട ഗർത്തങ്ങൾ, പാതിയിൽ തകർന്ന റോഡുകൾ ഇവയെല്ലാം നൽകുന്ന യുദ്ധഭീതി വളരെ വലുതാണ്.
രണ്ട് വർഷം മുമ്പ് വരെ സമാധാനപരമായ ജീവിതം നയിച്ചിരുന്ന ഒരു കൂട്ടം മനുഷ്യരുടെ സ്ഥലമായിരുന്നു ഗാസ. തിരക്കേറിയ വിപണികളും തെരുവുകളിൽ കളിക്കുന്ന കുട്ടികളും ഇന്ന് ഓർമ മാത്രമായി ചുരുങ്ങി. ഇന്ന് ഇസ്രയേലിൻ്റെ ക്രൂരതയുടെ കൈയിൽ അമരുന്ന മനസ് തകർന്ന മനുഷ്യർ മാത്രമുള്ള ഇടമായി ഗാസ പരിണമിച്ചു.
ചൊവ്വാഴ്ച ഗാസയിലേക്ക് സഹായം എത്തിക്കുന്ന ജോർദാനിയൻ സൈനിക വിമാനത്തിൽ കയറാൻ ദി ഗാർഡിയന് അനുമതി ലഭിച്ചിരുന്നു. തുടർന്ന് പകർത്തിയ ദൃശ്യമാണ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്. ഗാസയിൽ ഭക്ഷണത്തിന്റെയും മരുന്നിന്റെയും കടുത്ത ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ആഴ്ച ഇസ്രയേൽ ഏകോപിപ്പിച്ച മാനുഷിക വ്യോമാക്രമണം പുനരാരംഭിച്ചിരുന്നു. നിലവിൽ ഗാസയിൽ ക്ഷാമം രൂക്ഷമായി തുടരുകയാണ്.
ഭക്ഷണവും മരുന്നുമുൾപ്പെടെ മൂന്ന് ടൺ സാധനങ്ങളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും ഗാസയിലെ ക്ഷാമം തീർക്കാൻ അത് മതിയാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസ് – ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് ശേഷം വിദേശ മാധ്യമപ്രവർത്തകർ ഗാസയിൽ പ്രവേശിക്കുന്നതിന് നിരോധനമുണ്ട്
2000 അടി ഉയരത്തിൽ നിന്ന് പോലും ഗാസയിലെ നാശനഷ്ടങ്ങൾ വ്യക്തമായി കാണാമായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബോംബാക്രമണങ്ങളുടെയും ഉപരോധങ്ങളുടെയും അനന്തരഫലങ്ങളാണ് ഗാസയിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം ജീവൻ പണയപ്പെടുത്തി ഇസ്രയേലിന്റെ ക്രൂരത റിപ്പോർട്ട് ചെയ്ത 230 തിലധികം പലസ്തീൻ റിപ്പോർട്ടർമാരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
വിമാനം വടക്കൻ ഗാസയ്ക്കും ഗാസ നഗരത്തിനും മുകളിലൂടെ പറന്നപ്പോഴാണ് ഗാസയുടെ അവസ്ഥ കൂടുതൽ വ്യക്തമായത്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ ജനങ്ങളെ അവ്യക്തമായി മാത്രമാണ് കാണാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാസയോഗ്യമല്ലാത്തതുമായ ഒരു സ്ഥലത്ത് കണ്ട ജീവിതത്തിന്റെ ഒരേയൊരു ദൃശ്യം എന്നാണ് ഇതിനെക്കുറിച്ച് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വിമാനം നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിനടുത്തെത്തിയപ്പോൾ പിൻഭാഗത്തെ ഹാച്ച് വഴിയാണ് സാധനങ്ങൾ താഴേക്കെത്തിച്ചത്. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് 293 സഹായ ദൗത്യങ്ങൾ ഗാസക്കായി നടത്തിയിരുന്നുവെന്ന് ജോർദാൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ജൂലൈ 27 മുതൽ 325 ടൺ സഹായമാണ് ജോർദാൻ വിതരണം ചെയ്തത്.
അതേസമയം, സഹായവിതരണം കൊണ്ട് മാത്രം ഗാസയിലെ പട്ടിണി മാറ്റാൻ കഴിയില്ലെന്നാണ് മാനുഷിക സംഘടനകൾ മുന്നറിയിപ്പ് നൽകുന്നത്. കടൽ വഴിയെത്തുന്ന സഹായത്തിനായി തടിച്ചുകൂടുന്നതിനിടെ ഗാസയിൽ 12 പേരോളം മുങ്ങി മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

